അക്ഷയ കമ്പ്യൂട്ടര്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: അക്ഷയ പദ്ധതിയുടെ ഭാഗമായി ഏഴ് ജില്ലകളില്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിശീലനം നല്‍കുന്നവര്‍ക്കുള്ള പരിശീലന പരിപാടി ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച ആരംഭിക്കും.
അക്ഷയ ഇ-സെന്ററുകളില്‍ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നവരാകും പരിശീലനത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട്ട് ആറിനും കാസര്‍കോട്ട് ഏഴിനും തൃശ്ശൂരില്‍ എട്ടിനും എറണാകുളത്ത് ഒമ്പതിനും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പതിമൂന്നിനും പരിശീലനം ആരംഭിക്കും.
നൂറുപേര്‍ വീതമുള്ള ബാച്ചുകളായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലായി അയ്യായിരത്തിലേറെപ്പേര്‍ക്കാണ് പരിശീലനം കൊടുക്കുന്നത്. പരിശീലനം ലഭിക്കുന്നവര്‍ സംസ്ഥാനത്ത് ഏഴു ജില്ലകളിലായി 35 ലക്ഷം പേര്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരതക്കുളള പരിശീലനം നല്‍കും.
സിഡിറ്റ്, ഐടി അറ്റ് സ്കൂള്‍, സിഡിഎസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരാണ് പരിശീലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നതിന് ഉപകരിക്കുന്ന 15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിഡിയുടെ അടിസ്ഥാനത്തിലാണ് സാക്ഷരതാപരിപാടികള്‍ നടക്കുന്നത്.
പരിശീലന പരിപാടിയുടെ ഭാഗമായി അക്ഷയ ഇ-സെന്ററുകള്‍ നടത്തുന്ന സംരംഭകര്‍ക്കുവേണ്ടി പ്രത്യേക സംരംഭ വികസന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.അക്ഷയ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് സംരംഭകരെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. മാനേജ്മെന്റ്, സാങ്കേതിക വിദഗ്ധര്‍ ഇവര്‍ക്ക് ക്ലാസുകളെടുക്കും.
അക്ഷയ ഇ-സെന്ററുകള്‍ തുടങ്ങാനുളള സംരംഭകരെ തിരഞ്ഞെടുത്തു കഴിഞ്ഞു.












Click it and Unblock the Notifications