ബസ് ചാര്‍ജ് വര്‍ദ്ധന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല
തിരുവനന്തപുരം: ബസ്് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ഒക്ടോബര്‍ 14ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബസ്നിരക്ക് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഗതാഗതമന്ത്രിക്ക് ബുധനാഴ്ചയാണ് ലഭിച്ചത്. അതിനാല്‍ ആ രേഖ മറ്റുള്ളവര്‍ക്ക് പരിശോധിക്കാനായില്ല. അതുകൊണ്ടാണ് തീരുമാനമെടുക്കുന്നത് അടുത്ത മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റിയത്.
വലിയ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. സംസ്ഥാനത്ത് മാത്രം സ്പീഡ് ഗവേര്‍ണര്‍ നടപ്പാക്കണമെന്ന് നിര്‍ദേശം അംഗീകരിക്കാവില്ല. രാജ്യത്ത് മറ്റൊരിടത്തും ഇത് നിര്‍ബന്ധമല്ല. സ്പീഡ് ഗവേര്‍ണര്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കുകയും വാഹനനിര്‍മ്മാണത്തില്‍ തന്നെ ഇതിനുവേണ്ട നടപടികള്‍ ഉണ്ടാവുകയാണ് വേണ്ടത്. ടാങ്കര്‍ ലോറി ഉടമകളുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 10മുതല്‍ സ്വകാര്യബസുടമകള്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications