ചോദ്യചോര്‍ച്ച: സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് അന്വേഷണം സിബിഐക്കു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പത്ത് ദിവസത്തിനകം കേസ് ഡയറിയും മറ്റ് രേഖകളും സിബിഐക്ക് കൈമാറാനും പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ കൊച്ചിയിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരും പ്രതികൂട്ടില്‍ നില്‍ക്കുന്ന കേസന്വേഷണം പൊലീസ് അന്വേഷിക്കുന്നത് കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കുമെന്നായിരുന്നു ഹര്‍ജിയിലെ വാദം. മാസങ്ങള്‍ക്ക് മുമ്പേ കേസിന്റെ വാദം കേള്‍ക്കല്‍ ഹൈക്കോടതി പൂര്‍ത്തിയാക്കിയിരുന്നു.
കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പൊലീസ് തയാറാക്കിയ 3600 ഓളം പേജ് വരുന്ന കുറ്റപത്രം വിശദമായി പഠിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
കേസില്‍ ഏഴ് പ്രതികളാണുള്ളത്. ഇതില്‍ രണ്ടുപേര്‍ പരീക്ഷാഭവനിലെ ഉന്നത ഉദ്യോഗസ്ഥരാണ്.
അച്ചടിക്കാന്‍ നല്‍കിയ സ്വകാര്യപ്രസില്‍ നിന്നാണ് പേപ്പര്‍ ചോര്‍ന്നത്. ഇതെത്തുടര്‍ന്ന് പല പരീക്ഷകളും രണ്ടാമതു നടത്തിയിരിന്നു.












Click it and Unblock the Notifications