കോടതി വിധി മന്ത്രിസഭ ചര്‍ച്ച ചെയ്യും: പാട്ടീല്‍
ചണ്ഢീഗഡ്: ബീഹാര്‍ നിയമസഭ പിരിച്ചുവിട്ട സുപ്രീംകോടതി വിധിയെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ രണ്ടുദിവസത്തെ സമ്മേളത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധിക്കെതിരെ സുപ്രീംകോടതിയുടെ ഉയര്‍ന്ന ബെഞ്ചിനെ സമീപിക്കുമോയെന്നു വ്യക്തമാക്കാന്‍ പാട്ടീല്‍ തയ്യാറായില്ല. വിധി മുഴുവനും പഠിക്കാതെ എന്തെങ്കിലും തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഒരു മന്ത്രി മാത്രമായെടുക്കേണ്ട തീരുമാനവുമല്ല. വിധി എന്താണെന്നത് നമുക്കു മുന്‍പിലുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും വിധിയിലുണ്ട്. അതുകൊണ്ട് ഏതു കോണിലൂടെയാണ് കോടതിവിധിയെ വീക്ഷിക്കുന്നതെന്നാണ് പ്രധാനം.
വിധിയിലെ ഭരണഘടനാവിരുദ്ധം എന്ന ഒരു വാക്കിനെ മാത്രം അടിസ്ഥാനമാക്കി ഒന്നും പറയാന്‍ സാധിക്കില്ല. ഈ പ്രശ്നം ലോക്സഭയില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ തങ്ങള്‍ മറുപടി പറഞ്ഞതാണ്.
ഗവര്‍ണറെ തിരിച്ചുവിളിക്കുമോയെന്ന ചോദ്യത്തിന് അത് ഒറ്റക്കെടുക്കേണ്ട തീരുമാനമല്ലെന്നും സര്‍ക്കാര്‍ രൂപീകരിച്ച വിവിധ പാര്‍ട്ടികളാണ് അതെക്കുറിച്ചു തീരുമാനിക്കുകയെന്നും പാട്ടീല്‍ മറുപടി പറഞ്ഞു.












Click it and Unblock the Notifications