ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തീരുമാനിച്ചില്ല: മുരളി
തിരുവനന്തപുരം: നവംബര്‍ 19ന് നടക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിഐസി മത്സരിക്കുമോയെന്ന കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒക്ടോബര്‍ 10ന് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ ഉചിതമായ തീരുമാനമെടുക്കും. ഇതേക്കുറിച്ച് ഇടതുമുന്നണിയുമായും ഡിഐസി ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നവംബര്‍ 10ന് ഡിഐസി നടത്താന്‍ നിശ്ചയിച്ചിരുന്ന നവകേരളയാത്ര നവംബര്‍ 24നേ ആരംഭിക്കൂ.
ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ നടന്ന ഉരുട്ടിക്കൊലയെക്കുറിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ സിബിഐക്കേ കഴിയൂ. ക്രൈംബ്രാഞ്ച് സംസ്ഥാന പൊലീസിന്റെ ഭാഗമായതിനാല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം സത്യം തെളിയിക്കാന്‍ പര്യാപ്തമല്ല. ഈ കേസിലെ കുറ്റവാളികള്‍ പൊലീസായതു കൊണ്ട് അവരെ രക്ഷിക്കാനേ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കൂയെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications