ഉമാഭാരതി വീണ്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയാകും
ദില്ലി: ബാബുലാല്‍ ഗൗറിനെ മാറ്റി ഉമാഭാരതിയെ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചു.
കഴിഞ്ഞ ശനിയാഴ്ച ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
നവംബറില്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമേ ഉമാഭാരതി മുഖ്യമന്ത്രി സ്ഥാനമേല്‍ക്കാനിടയുള്ളൂ. ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കാന്‍ ഉമാഭാരതിയും നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നതിനാലാണിത്.
1994ലെ ഒരു കലാപ കേസുമായി ബന്ധപ്പെട്ട് ഹൂബ്ലി കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഉമാഭാരതി രാജിവച്ചത്. തനിക്കെതിരായ കേസ് തള്ളിയതനു ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് തിരികെയെത്തുന്നതിന് ഉമാഭാരതി താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ബാബുലാല്‍ ഗൗര്‍ വിസമ്മതിച്ചു. ഇത് ഇരുനേതാക്കളും തമ്മിലുള്ള പോരിലാണ് കലാശിച്ചത്.
പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ അദ്വാനിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത ഉമാഭാരതിയെ കഴിഞ്ഞ ഡിസംബറില്‍ ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു. ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണ് ഉമ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.












Click it and Unblock the Notifications