സപ്ലൈകോ അഴിമതി: വിഷയങ്ങളെക്കുറിച്ച് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കൊച്ചി: സപ്ലൈകോയിലെ അഴിമതിയെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളെക്കുറിച്ച് മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ചീഫ് ജസ്റിസ് രാജീവ് ഗുപ്ത, ജസ്റിസ് സിരിജഗന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
2002 മുതല്‍ 2004 വരെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ധാന്യങ്ങളും പയറുവര്‍ഗങ്ങളും വാങ്ങിയ ഇനത്തില്‍ 75 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കോട്ടയം സ്വദേശി രാജേഷ് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയിന്മേല്‍ സപ്ലൈകോ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഏതെല്ലാം വിഷയങ്ങള്‍ വരുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നില്ല. ഈ വിഷയങ്ങളെക്കുറിച്ചു വെളിപ്പെടുത്താനാണ് കോടതി ഉത്തരവ്.
എസ്.പുലികേശി ഐപിഎസ് സപ്ലൈകോ മേധാവിയായിരുന്നപ്പോഴാണ് 75 കോടിയുടെ അഴിമതി നടന്നത്. ഇതു സംബന്ധിച്ച് അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും നടന്നിരുന്നു.












Click it and Unblock the Notifications