തലശേരിയില്‍ ബോംബ് നിര്‍മാണകേന്ദ്രം കണ്ടെത്തി
കണ്ണൂര്‍: തലശേരിയില്‍ ഒക്ടോബര്‍ 15 ശനിയാഴ്ച സായുധസേന നടത്തിയ റെയ്ഡില്‍ ബോംബ് നിര്‍മാണകേന്ദ്രം കണ്ടെത്തി. മൂഴിക്കരയില്‍ ബിജെപി ബൂത്ത് പ്രസിഡന്റായ പ്രേമനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കായി നടത്തിയ റെയ്ഡിലാണ് പൊന്ന്യം കുണ്ടുചിറയിലെ മലമുകളില്‍ ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന വീട്ടില്‍ നടക്കുന്ന ബോംബുനിര്‍മാണം കണ്ടെത്തിയത്. ഇവിടെ നിന്നും 11 സിപിഎം പ്രവര്‍ത്തകരെയും പിടികൂടിയിട്ടുണ്ട്.
ബോംബ് നിര്‍മാണസാമഗ്രികളായ നൂറുകണക്കിന് തിരികള്‍, വെടിമരുന്ന്, കുപ്പിച്ചില്ലുകള്‍, ആണികള്‍ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. മൂഴിക്കര സ്വദേശികളായ സിപിഎംകാരാണ് ഇവിടെ നിന്നും പിടിയിലായത്. ആക്രമണക്കേസില്‍ പ്രതികളായവരുടെ ബന്ധുക്കളും ഇവരിലുണ്ട്. പാനൂര്‍ പൊലീസ് സ്റേഷനില്‍ ഇവരെ ചോദ്യംചെയ്തു വരികയാണ്.
ഒളിവില്‍ കഴിയുന്ന ആക്രമണക്കേസിലെ പ്രതികള്‍ക്ക് കൂട്ടുവന്നവരാണ് ബോംബ് നിര്‍മാണകേന്ദ്രത്തിലുണ്ടായിരുന്നവരെന്ന് കരുതുന്നു. മൂഴിക്കര സ്വദേശികളായ ടി. സജിത്, കെ.അനില്‍കുമാര്‍, ഷിജു, പി. രാജേഷ്, കെ. ബാലന്‍, കെ. സതീശന്‍, പി.രജീഷ്, ബിജു, വി.രാഗേഷ്, സനില്‍കുമാര്‍, സി.കെ ജയരാജ് എന്നിവരാണ് പിടിയിലായത്.
ബോംബ് നിര്‍മാണകേന്ദ്രം കണ്ടെത്തിയതോടെ കൂടുതല്‍ സായുധ സേന പാനൂരില്‍ എത്തിയിട്ടുണ്ട്. പ്രതികള്‍ക്കും സ്ഫോടകവസ്തുക്കള്‍ക്കുമായി ഇപ്പോഴും റെയ്ഡ് തുടരുകയാണ്.
ഇതിനിടെ അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി ബൂത്ത് പ്രസിഡന്റ് എലിപ്പറമ്പത്ത് പ്രേമനെ വീണ്ടും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോഴും ഐസിയുവില്‍ കഴിയുന്ന ഇയാള്‍ അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ല.












Click it and Unblock the Notifications