തിരുവഞ്ചൂര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു
ഇടുക്കി: ജലവിഭവവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒക്ടോബര്‍ 16 ഞായറാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. അണക്കെട്ടിലെ സ്പില്‍വേക്കു മുന്നിലെ കല്ലും മണ്ണും തമിഴ്നാട് നീക്കം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു സന്ദര്‍ശനം.
സ്പില്‍വേക്കു മുന്നിലെ തടസങ്ങള്‍ തമിഴ്നാട് നീക്കം ചെയ്തിട്ടുണ്ടെന്നും ഇതൊരു സുപ്രധാനസംഭവമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇതോടെ കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിനു മുന്നിലുള്ള പ്രശ്നത്തിനാണ് പരിഹാരമായത്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന് കോട്ടം തട്ടാതെ തന്നെ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഈ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചു. വളര്‍ന്നു നിന്ന കുറ്റിച്ചെടികളും തടസങ്ങളും നീക്കം ചെയ്തതോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താന്‍ കഴിയും. ഇതോടെ അണക്കെട്ടിന്റെ സുരക്ഷിതത്വവും ടൈഗര്‍ റിസര്‍വ് ഫോറസ്റിന്റെ സുരക്ഷിതത്വവും സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരമായി. മുല്ലപ്പെരിയാറിന്റെ ഉറപ്പും മറ്റു സുരക്ഷിതത്വവും നിലനിര്‍ത്താനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. ഇരു സര്‍ക്കാരുകളും പരസ്പരം വിട്ടുവീഴ്ച ചെയ്താല്‍ മറ്റു പല പ്രശ്നങ്ങളും പരിഹാരം കാണാന്‍ സാധിക്കും.
പ്രശ്നം പരിഹരിക്കാന്‍ സഹായിച്ച തമിഴ്നാട് സര്‍ക്കാരിനും ഭരണപ്രതിപക്ഷ കക്ഷികള്‍ക്കും തിരുവഞ്ചൂര്‍ നന്ദി പറഞ്ഞു.
ഇ.എം അഗസ്തി എംഎല്‍എ, ജലവകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications