ബീഹാറില്‍ വോട്ടെടുപ്പ് തുടങ്ങി: ഒരു സിപിഐഎംഎല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
പട്ന: കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ ബീഹാറില്‍ ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇതിനിടെ വാര്‍സലിഗജ് നിയമസഭാ മണ്ഡലത്തിലെ കാസീബീഗയിലെ വോട്ടെടുപ്പ് കേന്ദ്രത്തിനടുത്ത് ഒരു സിപിഐഎംഎല്‍ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ഇയാളെ ആക്രമിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. മുസാഫിര്‍ പാസ്വാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
ബീഹാറില്‍ 10 മണി വരെ 10 ശതമാനം പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയതായാണ് കണക്ക്. പല സ്ഥലത്തും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് തകരാറുണ്ടായതിനാല്‍ വോട്ടെടുപ്പ് തടസപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഗയ ജില്ലയിലെ ഇമാംഗഞ്ച് നിയമസഭാ മണ്ഡലത്തിലെ നാലു ബൂത്തുകളില്‍ വോട്ടെടുപ്പ് നടക്കുന്നില്ല. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേരാത്തതു മൂലമാണ് ഇവിടെ വോട്ടെടുപ്പ് നടത്താത്തതെന്ന് തിരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയുള്ള ഗയ ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് പൗണ്‍ഡ്രിക് പറഞ്ഞു. ആവശ്യത്തിന് സുരക്ഷാസന്നാഹങ്ങളില്ലാത്ത ബൂത്തുകളില്‍ വോട്ടെടുപ്പ് നടത്തില്ലെന്ന് ബീഹാര്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടങ്ങളില്‍ പിന്നീട് വീണ്ടും വോട്ടെടുപ്പ് നടത്തും.
തുടക്കത്തില്‍ വോട്ടെടുപ്പ് മന്ദഗതിയിലാണെങ്കിലും പിന്നീട് സാധാരണനിലയിലേക്കെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു സിപിഐഎംഎല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതൊഴികെ ഇതുവരെ മറ്റൊരിടത്തു നിന്നും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ബീഹാറിലെ 57 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications