ബിഷപ്പ്ഹൗസ് രാഷ്ട്രീയനേതാക്കള്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: വ്യാജമദ്യലോബി ആക്രമിച്ച നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ് രാഷ്ട്രീയനേതാക്കളായ കെ. കരുണാകരന്‍, എ.കെ. ആന്റണി, വി.എസ് അച്യുതാനന്ദന്‍, വി.എം സുധീരന്‍, ടി.എം ജേക്കബ്ബ് തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍ ഒക്ടോബര്‍ 18 ചൊവ്വാഴ്ച സന്ദര്‍ശിച്ചു.
ബിഷപ്പ് ഹൗസ് ആക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ആക്രമണത്തിന് കാരണം. നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിട്ടാലും കുറ്റക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. സംഭവസ്ഥലം ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കാത്തത് ഇക്കാര്യത്തിലുളള പിടിപ്പുകേടാണ് കാണിക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞു.
ആരൊക്കെ സന്ദര്‍ശിച്ചാലും സന്ദര്‍ശിച്ചില്ലെങ്കിലും ബിഷപ്പ് ഹൗസ് അക്രമത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുകയാണ് വേണ്ടതെന്ന് ആന്റണി പറഞ്ഞു.
ഇതിനിടെ അക്രമത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി ടി.എസ്.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ് ചെയ്തിട്ടില്ല.
ഫോറന്‍സിക് ഉദ്യോഗസ്ഥരും ചൊവാഴ്ച ബിഷപ്പ് ഹൗസിലെത്തി തെളിവ് ശേഖരിച്ചു.












Click it and Unblock the Notifications