ഉപതിരഞ്ഞെടുപ്പ്: സി.കെ പത്മനാഭന്‍ ബിജെപി സ്ഥാനാര്‍ത്ഥി
കോഴിക്കോട്: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സി.കെ പത്മനാഭന്‍ മത്സരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയാണ് വാര്‍ത്താസമ്മേളത്തില്‍ പത്മനാഭന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സംസ്ഥാന സമിതി നിയോഗിച്ച എട്ടംഗ കമ്മിറ്റി പത്മനാഭന്റെ പേര് മാത്രമാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത്. കമ്മിറ്റിയുടെ തീരുമാനം ദേശീയ നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ 18 ചൊവ്വാഴ്ച വൈകിട്ട് ദില്ലിയിലുണ്ടാകും. തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ഉദ്ദേശിച്ചു തന്നെയാണ് ബിജെപി മത്സരിക്കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
ഒ.രാജഗോപാല്‍, പി.എസ്. ശ്രീധരന്‍പിള്ള, മോഹന്‍ശങ്കന്‍, ബി.കെ. ശേഖര്‍ എന്നിവരെയും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥികളാക്കാന്‍ ബിജെപി പരിഗണിച്ചിരുന്നു.
തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐയുടെ പന്ന്യന്‍ രവീന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിന്റെ വി.എസ്. ശിവകുമാറുമാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications