സമരസമിതി കോളക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി
ദില്ലി: പാലക്കാട്ടെ പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനിയ്ക്കെതിരെ പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതിയും കൊക്കക്കോള വിരുദ്ധ സമിതിയും ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പരാതി കമ്മീഷന്‍ അടുത്തയാഴ്ച പരിഗണിക്കും.
പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ ആര്‍.അജയന്‍, കോള വിരുദ്ധ സമിതി കണ്‍വീനര്‍ വേലൂര്‍ സ്വാമിനാഥന്‍ എന്നിവരാണ് പരാതി സമര്‍പ്പിച്ചത്. പ്ലാച്ചിമട പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിഷയം പരിശോധിക്കാതെ കമ്മീഷന് അഭിപ്രായം പറയാനാവില്ലെന്നും അടുത്തയാഴ്ച കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് എ.എസ് ആനന്ദ് പരാതി പരിശോധിക്കുമെന്നും പരാതി കൈപ്പറ്റിയ കമ്മീഷന്‍ രജിസ്ട്രാര്‍ പറഞ്ഞു.
പ്ലാച്ചിമട പ്രശ്നം മനുഷ്യാവകാശ പ്രശ്നമായി പരിഗണിച്ച് കമ്മീഷന്‍ ഇടപെടണമെന്ന് സമരസമിതി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോള പ്ലാന്റ് അടിയന്തിരമായി പൂട്ടുക, കമ്പനിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുക, കിണറുകളിലെ കുടിവെള്ളം മലിനമാക്കിയതിനും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതിനും നഷ്ടപരിഹാരം നല്‍കാന്‍ കോള കമ്പനിയോട് ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.












Click it and Unblock the Notifications