ഇന്‍ഫോസിസിന്റെ സംഭാവന ഒന്നുമല്ല: ദേവഗൗഡ
ബാംഗ്ലൂര്‍: ഇന്‍ഫോസിസിനും കമ്പനി തലവന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിക്കുമെതിരെ മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ വീണ്ടും വിമര്‍ശനമഴിച്ചുവിട്ടു. ഇന്‍ഫോസിസും മഹാരാഷ്ട്ര ഗവര്‍ണര്‍ എസ്.എം.കൃഷ്ണയും ചേര്‍ന്ന് കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നതെന്ന് ദേവഗൗഡ ആരോപിച്ചു.
ധരംസിംഗ് സര്‍ക്കാരിനെ താഴെയിറക്കുന്നതിനായി അവസാന ആയുധമെന്ന നിലയിലാണ് നാരായണമൂര്‍ത്തി ബാംഗ്ലൂര്‍ രാജ്യാന്തര വിമാനത്താവള അതോറിറ്റി ലിമിറ്റഡിന്റെ (ബിഐഎല്‍) ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതെന്ന് ദേവഗൗഡ പറഞ്ഞു.
ഐടി രംഗത്തെ പ്രമുഖ കമ്പനികളായ വിപ്രോ, ഐബിഎം തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഫോസിസിന്റെ സംഭാവന ഒന്നുമല്ല. മറ്റ് ഐടി കമ്പനി തലവന്‍മാരില്‍ നിന്നും വ്യത്യസ്തമായി ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി എസ്.എം.കൃഷ്ണയ്ക്കു വേണ്ടി രാഷ്ട്രീയത്തില്‍ ഇടപെടുകയാണ്. കമ്പനിയുടെ ആവശ്യത്തേക്കാള്‍ കവിഞ്ഞ നിലയിലാണ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ 1145 ഏക്കര്‍ ഇന്‍ഫോസിസിന് അവുവദിച്ചത്- ഗൗഡ ആരോപിച്ചു.
ഇന്‍ഫോസിസും ദേവഗൗഡയുമായുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ദേവഗൗഡ ഒക്ടോബര്‍ 22 ശനിയാഴ്ച നാരായണമൂര്‍ത്തിക്കെതിരെ ആഞ്ഞടിച്ചത്. ഇന്‍ഫോസിസ് അടക്കമുള്ള കമ്പനികള്‍ക്ക് സ്ഥലം അനുവദിച്ചതിലെ സാംഗത്യം ചോദ്യം ചെയ്തും ഇന്‍ഫോസിസിന് അമിതമായി ആനുകല്യങ്ങള്‍ അനുവദിക്കുന്നുവെന്ന് ആരോപിച്ചും ഇന്‍ഫോസിസിന് അനുവദിക്കുന്ന ഭൂമി ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി ഗൗഡ കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗിന് കത്തയച്ചിരുന്നു. ഗൗഡയുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ സ്ഥാനം നാരായണമൂര്‍ത്തി രാജിവച്ചതിനു പിന്നാലെ ഗൗഡയുടെ ആരോപണങ്ങള്‍ക്കു മറുപടിയായി ഇന്‍ഫോസിസ് വെള്ളിയാഴ്ച വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ഇന്‍ഫോസിസിന്റെ അവകാശവാദങ്ങള്‍ക്കു മറുപടിയുമായാണ് ഗൗഡ ശനിയാഴ്ച വീണ്ടും രംഗത്തു വന്നത്.
ഇന്‍ഫോസിസ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന അവകാശവാദത്തിനു മറുപടിയായി ഐടി മേഖലയിലെ മൂന്ന് ലക്ഷം തൊഴില്‍ അവസരങ്ങളില്‍ ഇന്‍ഫോസിസിന്റെ പങ്ക് 22,000 മാത്രമാണെന്ന് ഗൗഡ ചൂണ്ടിക്കാട്ടി. ഐടി മേഖലക്കു സംഭാവന നല്‍കിയ ഏക വ്യക്തിയല്ല നാരായണ മൂര്‍ത്തി. ഈ മേഖലക്കു പല വിദഗ്ധരും സംഭാവന നല്‍കിയിട്ടുണ്ട്.
ഇന്‍ഫോസിസ് കാമ്പസില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ അനുവദിച്ച ഭൂമി കമ്പനി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന തന്റെ ആരോപണം ശരിയെന്ന് തെളിയിക്കുന്നു. വിപ്രോയെ പോലുള്ള പ്രമുഖ ഐടി കമ്പനികള്‍ വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതു തുടരുമ്പോള്‍ ഇന്‍ഫോസിസ് കൂടുതല്‍ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഗൗഡ ചോദിച്ചു.
ഐടി മേഖല അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ നേരിടുന്നുണ്ടെങ്കില്‍ അക്കാര്യം രാഷ്ട്രീയ പ്രശ്നമാക്കാതെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ് വേണ്ടത്. ബിഐഎഎല്‍ ചെയര്‍മാന്‍ സ്ഥാന്തതു നിന്നും മൂര്‍ത്തി രാജിവച്ചത് ബാംഗ്ലൂരിന്റെ വികസനത്തെ ബാധിക്കില്ല.
സഖ്യസര്‍ക്കാര്‍ തുടരണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയാണ്. സര്‍ക്കാരിനെ താഴെയിറക്കാനായി ഒന്നും ചെയ്യില്ലെന്ന് സോണിയാഗാന്ധിക്ക് തങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഗൗഡ വ്യക്തമാക്കി.












Click it and Unblock the Notifications