കണ്ണൂര്‍ ജയിലില്‍ റെയ്ഡ്; ആയുധങ്ങള്‍ പിടിച്ചു
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഒക്ടോബര്‍ 21 വെള്ളിയാഴ്ച രാത്രി മിന്നല്‍ പരിശോധന നടത്തി. റെയ്ഡില്‍ ഒട്ടേറെ മാരകായുധങ്ങള്‍ പിടികൂടി.
ഇരുമ്പുദണ്ഡുകള്‍, ശൂലം തുടങ്ങിയ ആയുധങ്ങളും മൊബൈല്‍ ഫോണുകളും മദ്യകുപ്പികളുമാണ് കണ്ടെടുത്തത്. സിപിഎം തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന എട്ടാം ബ്ലോക്കിലാണ് റെയ്ഡ് നടത്തിയത്.
ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ നിര്‍ദേശപ്രകാരം മൂന്ന് ജയിലര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഏഴ് മണിക്കാരംഭിച്ച റെയ്ഡ് രണ്ട് മണിക്കൂര്‍ നീണ്ടു. മൂന്ന് ജയിലുകളില്‍ കലാപം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധനയുണ്ടായത്.
റെയ്ഡ് നടത്താനുള്ള ശ്രമം ആദ്യം തടവുകാര്‍ ചെറുത്തുനിന്നെങ്കിലും ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡെന്നും ചെറുത്താല്‍ ബലം പ്രയോഗിക്കേണ്ടി വരുമെന്നും പൊലീസ് സംഘം മുന്നറിയിപ്പ് നല്‍കിയതോടെ തടവുകാര്‍ പിന്മാറി. ആയുധങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും പുറമെ അമ്പതോളം മദ്യകുപ്പികളാണ് കണ്ടെടുത്തത്.