പന്ന്യനും പത്മനാഭനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനും ബിജെപി സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭനും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ എന്‍.അയ്യപ്പന് മുന്‍പാകെയാണ് ഇരുവരും ഒക്ടോബര്‍ 27 വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചത്. പന്ന്യന്‍ രവീന്ദ്രന്‍ നാല് സെറ്റ് പത്രികകള്‍ നല്‍കി. സ്വാതന്ത്യ്രസമരസേനാനി കെ.ഇ.മാമന്‍, പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍, എല്‍.ഗണേഷ് എന്നിവരോടൊപ്പമാണ് കളക്ടറേറ്റിലെത്തി കളക്ടര്‍ എന്‍.അയ്യപ്പന് പത്മനാഭന്‍ പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രികകളാണ് അദ്ദേഹം സമര്‍പ്പിച്ചത്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയതിന് ശേഷം 11.05 നായിരുന്നു പത്മനാഭന്‍ പത്രിക സമര്‍പ്പിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവകുമാര്‍ നേരത്തെ പത്രിക നല്‍കിയിരുന്നു. നവംബര്‍ 18നാണ് തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്ന പി.കെ വാസുദേവന്‍ നായര്‍ അന്തരിച്ച ഒഴിവിലേക്കാണ് തലസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.












Click it and Unblock the Notifications