ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടില്ല: പ്രസിഡന്റ്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ജി.രാമന്‍നായര്‍ പറഞ്ഞു. ദേവസ്വത്തിലെ നിയമനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ സാമുദായിക നേതാക്കളുമായി കൂടിയാലോചിച്ചു മാത്രമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം അറിയിച്ചു.
കുറേക്കാലമായി ദേവസ്വത്തില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. അതുകൊണ്ട് ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ ബുദ്ധിമുട്ട് പരിഹരിക്കാനായാണ് കുറെ തസ്തികകളിലേക്ക് നിയമനം നടത്താന്‍ ബോര്‍ഡ് തീരുമാനമെടുത്തത്.
പരീക്ഷക്കുള്ള അപേക്ഷകരുടെ എണ്ണം കൂടുതലായതിനാലും ആക്ഷേപങ്ങളും അഴിമതിയും ഒഴിവാക്കാനായുമാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന് നല്‍കിയത്. എന്നാല്‍ ഇതും വിവാദമായ സാഹചര്യത്തില്‍ നിയമനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് ബോര്‍ഡ് തീരുമാനം.
ദേവസ്വം ബോര്‍ഡ് ക്ഷേത്രാരാധന നടത്തുന്ന ഈശ്വരവിശ്വാസികളുടെ സ്ഥാപനമാണ്. ഇവിടെ നടപ്പാക്കുന്ന ഏത് മാറ്റങ്ങളും സര്‍ക്കാരുമായും സാമുദായിക നേതാക്കളുമായും കൂടിയാലോചിച്ചേ ചെയ്യൂവെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും രാമന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications