ചൈനീസ് നാവികസംഘം കൊച്ചിയിലെ നാവികകേന്ദ്രം സന്ദര്‍ശിച്ചു
കൊച്ചി: ചൈനീസ് നാവികസംഘം ഒക്ടോബര്‍ 27 വ്യാഴാഴ്ച കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡ് സന്ദര്‍ശിച്ചു. നാവികസേനാ ഡെപ്യൂട്ടി കമാന്‍ഡര്‍ അഡ്മിറല്‍ സ്യാങ് യോന്ഗിയുടെ നേതൃത്വത്തിലുള്ള 10 അംഗ പ്രതിനിധി സംഘമാണ് നേവല്‍ കമാന്‍ഡ് സന്ദര്‍ശിച്ചത്.
സതേണ്‍ കമാന്‍ഡിലെ നാവികസേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ നിരീക്ഷിച്ച ശേഷം സ്യാങ് സതേണ്‍ നേവല്‍ കമാന്‍ഡ് വൈസ് അഡ്മിറല്‍ എസ്.സി സുരേഷ് ബംഗാറയുമായി സംസാരിച്ചു. നാവികസേനാഭ്യാസങ്ങള് കണ്ട ശേഷം ചേതക് ,ധ്രുവ് തുടങ്ങിയ ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്ന ഐഎന്‍എസ് ഗരുഡ എന്ന യുദ്ധക്കപ്പല്‍ ചൈനീസ് സംഘം സന്ദര്‍ശിച്ചു. നേവി എയര്‍ക്രാഫ്റ്റുകള്‍ വന്നിറങ്ങുന്ന സ്ഥലവും മറ്റ് സംവിധാനങ്ങളും കമഡോര്‍ എ.കെ വര്‍മ സംഘത്തിന് കാണിച്ചുകൊടുത്തു.
ഇരുരാജ്യങ്ങളിലേയും നാവികസംഘങ്ങള് തമ്മിലുള്ള ബന്ധം ദൃഢമാക്കുകയാണ് സന്ദര്ശലക്ഷ്യമെന്ന് സ്യാങ് വാര്‍ത്താലേഖകരെ അറിയിച്ചു.
നേവിയുടെ വിമാനം പറത്തല്‍ പരിശീലനകേന്ദ്രവും ഐഎന്‍എസ് ദ്രോണാചാര്യ മ്യൂസിയവും സംഘം സന്ദര്‍ശിക്കും.