കെ.പി.പി.നമ്പ്യാരുടെ ആത്മകഥ വിവാദമാകുന്നു
തിരുവനന്തപുരം: കെല്‍ട്രോണ്‍ മുന്‍ ചെയര്‍മാന്‍ കെ.പി.പി.നമ്പ്യാരുടെ ആത്മകഥ വിവാദമാകുന്നു. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ പൊട്ടിത്തെറിയുണ്ടാക്കാവുന്ന നിരവധി വെളിപ്പെടുത്തലുകള്‍ സഫലം കലാപഭരിതം എന്നു പേരിട്ടിരിക്കുന്ന ആത്മകഥയിലുണ്ട്.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ മകനും കയര്‍ഫെഡ് എംഡിയുമായിരുന്ന അരുണ്‍കുമാര്‍ തന്റെ സ്വപ്നമായിരുന്ന കണ്ണൂര്‍ പവര്‍ പ്രൊജക്ട് ലിമിറ്റഡ് നടപ്പാക്കിക്കിട്ടുവാന്‍ തന്നോട് കമ്മിഷന്‍ ആശ്യപ്പെട്ടുവെന്ന് പുസ്തകത്തില്‍ പറയുന്നു. കേരളത്തിന്റെ സാമ്പത്തിക-തൊഴില്‍മേഖലകളില്‍ വന്‍സ്വാധീനം ചെലുത്താന്‍ കഴിയുമായിരുന്ന കെല്‍ട്രോണ്‍ തകര്‍ത്തതിന് പിന്നില്‍ സംസ്ഥാനത്തെ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളുമാണ്. ഇടുങ്ങിയ രാഷ്ട്രീയ, വ്യക്തിതാല്‍പര്യങ്ങള്‍ക്കപ്പുറം മറ്റൊന്നും കാണാന്‍ ഈ നേതാക്കള്‍ക്കായിട്ടില്ല.
നാലു തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍, കരുണാകരന്റെ വിധേയനായിരുന്ന ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, മുന്‍വ്യവസായ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.സി.ചാക്കോ, ലീഗ് നേതാവും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് എന്നിവരായിരുന്നു കെല്‍ട്രോണിന്റെ തകര്‍ച്ചക്ക് മുഖ്യകാരണക്കാരെന്ന് പുസ്തകത്തില്‍ ആരോപിക്കുന്നു.
കരുണാകന്റെ വലംകയ്യായിരുന്ന അന്നത്തെ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍ തുടക്കം മുതല്‍ തന്നെ കെല്‍ട്രോണിനെ തകര്‍ക്കാനാണ് ശ്രമിച്ചത്. താന്‍ കേരളം വിട്ട് കേന്ദ്രത്തിലേക്ക് പോയപ്പോള്‍ തനിക്കെതിരെ ഒരു അഴിമതിക്കേസ് കുത്തിപ്പൊക്കാനും പത്മകുമാര്‍ ശ്രമിച്ചു. പത്മകുമാറിന് കരുണാകരന്റേയും ഇ.അഹമ്മദിന്റേയും ഉറച്ച പിന്തുണയുണ്ടായിരുന്നു. തന്റെ മണ്ഡലമായ മാളയിലെ കെല്‍ട്രോണ്‍ യൂണിറ്റില്‍ തന്റെ അനുയായിയായ പി. ഗോവിന്ദന്‍ നായരെ നിയമിക്കാനായിരുന്നു കരുണാകരന് താല്‍പര്യം. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്തതു മുതല്‍ തന്നെ ആജന്മശത്രുവെന്ന വിധത്തിലാണ് കരുണാകരന്‍ കണ്ടത്. താന്‍ കെല്‍ട്രോണ്‍ വിട്ടയുടനെ യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത ഗോവിന്ദന്‍ നായരെ കരുണാകരന്‍ കെല്‍ട്രോണില്‍ നിയമിക്കുകയും ചെയ്തു.
മുന്‍വ്യവസായ മന്ത്രിയായിരുന്ന ചാക്കോ തന്നെ ഭീഷണിപ്പെടുത്താനും കെല്‍ട്രോണിനെ അട്ടിമറിക്കാനും ശ്രമിച്ചു. എന്നാല്‍ ചാക്കോക്ക് പകരം വന്ന സി.എച്ച്.മുഹമ്മദ് കോയ ഈ നീക്കം പരാജയപ്പെടുത്തി.
തന്റെ കണ്ണൂര്‍ പവര്‍ പ്രൊജക്ട് ലിമിറ്റഡ് (കെപിപിഎല്‍) യുഎസുമായി ഒരു കരാറില്‍ ഒപ്പിടാനിരുന്നതാണ്. എന്നാല്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന അച്യുതാനന്ദന്‍ പക്ഷക്കാരനായ എസ്.ശര്‍മ അത് അട്ടിമറിച്ചു. ഈ പദ്ധതി നടന്നുകിട്ടണമെങ്കില്‍ കമ്മീഷന്‍ നല്‍കണമെന്ന് വി.എസിന്റെ മകനും കയര്‍ഫെഡ് എംഡിയുമായിരുന്ന അരുണ്‍കുമാര്‍ ആവശ്യപ്പെട്ടതായും ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.
തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നമ്പ്യാരുടെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയനേതാക്കള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ബന്ധുവും ഇടതുപക്ഷ സഹയാത്രികനുമായ നമ്പ്യാര്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications