ആന്ധ്രയില്‍ തീവണ്ടി പാളം തെറ്റി നൂറോളം പേര്‍ മരിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സെക്കന്തരാബാദ്-റെപ്പള്ളി പാസഞ്ചര്‍ തീവണ്ടി പാളം തെറ്റി നൂറോളം പേര്‍ മരിച്ചു. ഒക്ടോബര്‍ 29 ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
തീവണ്ടിയുടെ 10 ബോഗികളാണ് പാളം തെറ്റിയത്. പാളം തെറ്റിയ ബോഗികള്‍ റിസര്‍വോയറില്‍ നിന്നും കവിഞ്ഞൊഴുകുന്ന വെള്ളത്തിലേക്ക് മറിഞ്ഞു. ഒക്ടോബര്‍ 29 ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്.
രമണപേട്ടിനും വില്ലുഗോണ്ട സ്റേഷനും ഇടയ്ക്കു വച്ചാണ് തീവണ്ടി പാളം തെറ്റിയത്. കനത്ത മഴയെ തുടര്‍ന്ന് റെയില്‍വെ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയിരുന്നു. അപകടത്തില്‍ പെട്ട ചിലരെ നാട്ടുകാര്‍ രക്ഷിച്ചു.
തീവണ്ടിയുടെ 14 കോച്ചുകളിലായി അഞ്ഞൂറോളം യാത്രക്കാരാണുണ്ടായിരുന്നത്. പാളം തെറ്റിയ ഒരു ബോഗിയില്‍ 110 യാത്രക്കാരുണ്ടായിരുന്നു. മരണസംഖ്യയെ പറ്റി കൃത്യമായ വിവരം അധികൃതര്‍ നല്‍കിയിട്ടില്ല.
അപകടത്തില്‍ പെട്ട യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എതിക്കാന്‍ ബസ്സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതേ സമയം കനത്ത മഴയും വെള്ളക്കെട്ടും കാരണം ബസുകള്‍ക്ക് അപകടം നടന്ന സ്ഥലത്തെത്താനായിട്ടില്ല. വിജയവാഡയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications