പക്ഷിപ്പനി: കേരളത്തില്‍ ജാഗ്രതക്കു നിര്‍ദേശം
തിരുവനന്തപുരം: ദേശാടന പക്ഷികളില്‍ നിന്നും പക്ഷിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
മരിച്ച പക്ഷികളുടെ സാമ്പിളുകള്‍ അയക്കാന്‍ എല്ലാ ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ഉദയവര്‍മന്‍ അറിയിച്ചു. സാധ്യമെങ്കില്‍ ദേശാടനക്കിളികളെ കെണി വച്ച് പിടിച്ച് പരിശോധന നടത്താനും നിര്‍ദേശമുണ്ട്.
കേരളത്തില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും കോഴികളെ ധാരാളമായി കൊണ്ടുവരുന്നത് കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഉദയവര്‍മന്‍ പറഞ്ഞു.
60 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പക്ഷിപ്പനിയുടെ വൈറസ് നശിക്കുമെന്നതിനാല്‍ കോഴിയെ പാചകം ചെയ്ത് കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല. എന്നാല്‍ കോഴിയെ കൈകാര്യം ചെയ്യുന്നത് വൈറസ് ബാധയുണ്ടാവാന്‍ കാരണമാകാം. അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന കോഴിയുടെ സാമ്പിളുകളെടുത്ത് പരിശോധനയ്ക്കായി ബാംഗ്ലൂരിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ആക്കുളം, വേളി (തിരുവനന്തപുരം), പുറത്തൂര്‍ (മലപ്പുറം), കടലുണ്ടി (കോഴിക്കോട്), ശാസ്ത്രാംകോട്ട, കണ്ടച്ചിറ, അഷ്ടമുടി (കൊല്ലം), കാട്ടാമ്പള്ളി, മടിക്കര (കണ്ണൂര്‍), തട്ടേക്കാട് പക്ഷിസങ്കേതം (എറണാകുളം) വേമ്പനാട്ട് കായല്‍ എന്നിവയാണ് കേരളത്തിലെ ദേശാടനപക്ഷികള്‍ പ്രധാനമായുമെത്തുന്ന കേന്ദ്രങ്ങള്‍.












Click it and Unblock the Notifications