ദില്ലിയില്‍ സ്ഫോടന പരമ്പര: മരണം 61
ദില്ലി: തലസ്ഥാനത്ത് ഒക്ടോബര്‍ 29 ശനിയാഴ്ച വൈകീട്ടുണ്ടായ സ്ഫോടന പരമ്പരയില്‍ 61 പേര്‍ മരിച്ചു. പത്ത് മിനിട്ടിനിടെ മൂന്ന് സ്ഥലത്താണ് സ്ഫോടനങ്ങളുണ്ടായത്.
സരോജിനി നഗര്‍, പഹാഡ്ബഞ്ച് മാര്‍ക്കറ്റുകളിലും ഗോവിന്ദ്പുരിയില്‍ ബസിനത്തുമാണ് സ്ഫോടനങ്ങള്‍ നടന്നത്. വൈകീട്ട് 5.38നാണ് ആദ്യസ്ഫോടനമുണ്ടായത്. ചെങ്കോട്ട ആക്രമണക്കേസില്‍ ശിക്ഷ വിധിക്കാനിരുന്ന ദിവസമാണ് സ്ഫോടനങ്ങളുണ്ടാത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-ഇ-തോയിബയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
സ്ഫോടനങ്ങളില്‍ 188 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ദീപാവലി ആഘോഷത്തിന് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗ് നടത്തുന്ന സമയത്താണ് സ്ഫോടനങ്ങള്‍ നടന്നതെന്നത് മരണസംഖ്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ചാന്ദ്നിചൗക്കില്‍ ബാങ്കില്‍ നിന്നു പൊലീസ് ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി.
സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനത്തിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇവിടെ 41 പേരും പഹാഡ്ബഞ്ചില്‍ 18 പേരും മരിച്ചു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ആശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.
ആക്രണമത്തെ തുടര്‍ന്ന് ദില്ലിയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ ജനതയെ തോല്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. സ്ഫോടനത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം അപലപിച്ചു.












Click it and Unblock the Notifications