പ്രശസ്ത ഗായിക പി. ലീല അന്തരിച്ചു
ചെന്നൈ: പ്രശസ്ത ഗായിക പി.ലീല (73) അന്തരിച്ചു. പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒക്ടോബര്‍ 30 ഞായറാഴ്ച രാത്രി 12.30ടെയായിരുന്നു അന്ത്യം.
സഹോദരിയുടെ കൂടെ താമസിച്ചു വന്നിരുന്ന ലീല കുളിമുറിയില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് തലക്കു പരിക്കേറ്റ് സെപ്റ്റംബര്‍ 20 മുതല്‍ ആശുപത്രയിലായിരുന്നു. ആസ്മ രോഗിയായ ഇവര്‍ക്ക് തലയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 15 ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.
1933ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ ജനിച്ച ഇവര്‍ 10-ാം വയസു മുതല്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു തുടങ്ങി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായി ഏതാണ് 5000ളം ഗാനങ്ങളും ഇവര്‍ പാടിയിട്ടുണ്ട്.
മലയാളത്തില്‍ ഉജ്ജയിനിയിലെ ഗായികയോ, പെരിയാറേ തുടങ്ങിയവ ലീല പാടിയിട്ടുളള പ്രശസ്ത ഗാനങ്ങളില്‍ ചിലതാണ്. മലയാളത്തില്‍ ഇവര്‍ അവസാനമായി പാടിയത് ഫാസിലിന്റെ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലെ ഗാനമാണ്. ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന, നാരായണീയം തുടങ്ങിയവയും ലീല ആലപിച്ചിട്ടുണ്ട്.
സുഖമില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ കുറച്ചു കാലമായി സംഗീതലോകത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications