കണ്ണൂരില്‍ കള്ളനോട്ട് സംഘത്തെ പിടികൂടി
കണ്ണൂര്‍: ഇരിക്കൂറില്‍ പൊലീസ് നാലംഗ കള്ളനോട്ട് സംഘത്തെ പിടികൂടി. 63050 രൂപയുടെ കള്ളനോട്ടും പ്രിന്റിംഗ് മെഷീന്‍, വാഹനം, ഫാക്സ്, സ്കാനിംഗ് യന്ത്രം എന്നിവയും പൊലീസ് പിടിച്ചെടുത്തു.
കുറുവ ആവേരയിലെ പുതിയപുരയില്‍ മുനീറിന്റെ മകന്‍ അജ്മല്‍ (22) മയ്യില്‍ വേളത്തെ നാരായണമാരാരുടെ മകന്‍ പി.ഉണ്ണിക്കൃഷ്ണന്‍ (34), കാട്ടാമ്പള്ളി ആരമ്പന്‍ രാജന്റെ മകന്‍ എ.വിജിത്കുമാര്‍ (29), ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പാപ്പിനിശേരി ചാലില്‍ ലക്ഷം വീട് കോളനിയിലെ അബ്ദുള്‍റഹ്മാന്റെ മകന്‍ മുഹമ്മദ് കാരോത്ത് (37) എന്നിവരാണ് പിടിയിലായത്.
ഒക്ടോബര്‍ 31 ഞായറാഴ്ച രാത്രി എട്ടരയോടെ കുറ്റ്യാട്ടൂര്‍ കാരാറമ്പില്‍ വച്ചാണ് സംഘം പിടിയിലായത്. പ്രതികളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് പഴയങ്ങാടി കൊഴപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് പ്രിന്റിംഗ് മെഷീന്‍, ഫാക്സ്, സ്കാനിംഗ് യന്ത്രം എന്നിവ പിടിച്ചെടുത്തത്.
മയ്യില്‍ ഭാഗത്തു നിന്നും ഓട്ടോറിക്ഷയില്‍ കുറ്റ്യാട്ടൂര്‍ കാരറമ്പിലെത്തിയ സംഘം കടകള്‍ തോറും കയറി പത്ത് രൂപയില്‍ താഴെ വിലയുള്ള സാധനങ്ങള്‍ വാങ്ങി 50 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കുകയായിരുന്നു. ഉരുവച്ചാലിലെ ഒരു കടയില്‍ സംഘം നല്‍കിയ നോട്ട് കള്ളനോട്ടാണെന്ന് സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സംഘത്തെ പിടികൂടുകയായിരുന്നു.












Click it and Unblock the Notifications