ഒറീസയില്‍ മുന്‍മന്ത്രിയുടെ വീട് നക്സലൈറ്റുകള്‍ തകര്‍ത്തു
മാല്‍ക്കന്‍ഗിരി: ഒറീസയില്‍ നക്സലൈറ്റുകള്‍ ഒരാളെ കൊല്ലുകയും ഒരു മുന്‍മന്ത്രിയുടെ വീട് സ്ഫോടകവസ്തുക്കളുപയോഗിച്ച് തകര്‍ക്കുകയും ചെയ്തു.
മാല്‍ക്കിഗിരിയിലെ എംവി-55 ഗ്രാമത്തില്‍ നവംബര്‍ രണ്ട് ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മുന്‍മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ അരബിന്ദ ദാലിയുടെ വീടാണ് തകര്‍ക്കപ്പെട്ടത്.
150ളം വരുന്ന നക്സലൈറ്റുകള്‍ മന്ത്രിയുടെ വീട് ആക്രമിക്കുകയായിരുന്നു. സുരക്ഷാഉദ്യോഗസ്ഥരെ വീടിന് മുന്‍പില്‍ നിയോഗിച്ചിരുന്നുവെങ്കിലും എണ്ണത്തില്‍ കുറവായ അവര്‍ക്ക് ആക്രമണത്തെ തടയാനായില്ല. സുരക്ഷാഉദ്യോഗസ്ഥരും നക്സലൈറ്റുകളും തമ്മിലുണ്ടായ വെടിവയ്പിലാണ് തദ്ദേശവാസിയായ ഒരാള്‍ കൊല്ലപ്പെട്ടത്. ആക്രമണം നടക്കുന്ന സമയത്ത് ദാലിയുടെ വീടിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. വീടിന്റെ എല്ലാ മുറികളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദാലിയുടെ പോട്ടെറുവിലെ വീടും നക്സലൈറ്റുകള്‍ തകര്‍ത്തിരുന്നു. 2000 മുതല്‍ 2004 വരെ സംസ്ഥാനത്തെ വ്യവസായ-ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ദാലി.












Click it and Unblock the Notifications