ആര്‍എസ്പി വിട്ടവരെ തിരിച്ചെടുക്കില്ല: പങ്കജാക്ഷന്‍
തിരുവനന്തപുരം: ആര്‍എസ്പി വിട്ടുപോയ ആളുകളെ തിരിച്ചെടുക്കില്ലെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ആര്‍. പങ്കജാക്ഷന്‍ വ്യക്തമാക്കി. അധികാരത്തിന് വേണ്ടി പാര്‍ട്ടിയേയും ഇടത് മുന്നണിയേയും തള്ളിപറഞ്ഞവര്‍ക്ക് സ്ഥാനം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. താമരാക്ഷന്‍ വിഭാഗം പാര്‍ട്ടില്‍ തിരിച്ചെത്തുന്നമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനായി ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിച്ചപ്പോള്‍ ചിലര്‍ വന്നു കണ്ടു. അന്ന് രാഷ്ട്രീയ ചര്‍ച്ചയൊന്നും നടന്നിരുന്നില്ല. ആര്‍എസ്പിബിയിലെ ഒരു വിഭാഗം മാതൃസംഘടനയില്‍ ലയിക്കുമെന്ന പ്രചരണം അവാസ്ഥവമാണെന്നും പങ്കജാക്ഷന്‍ പറഞ്ഞു.
ആര്‍എസ്പിയുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എ.വി. താമരാക്ഷനും ബാബു ദിവാകരനും ഷിബു ബേബിജോണും പാര്‍ട്ടി വിടുകയും ആര്‍എസ്പിബിയും ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍എസ്പിബിയിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് താമരാക്ഷന്‍ ഷിബു ബേബി ജോണും ബാബു ദിവാകരനുമായി അകലുകയും ചെയ്തു.
ഷിബു ബേബി ജോണും ബാബു ദിവാകരനും ഇപ്പോള്‍ ഭരണ മുന്നണിയിലാണ്. ബാബു ദിവാകരന്‍ തൊഴില്‍വകുപ്പ്മന്ത്രിയാണ്.












Click it and Unblock the Notifications