നട്വര്‍ സിംഗിനെതിരായ ആരോപണം കേന്ദ്രം അന്വേഷിക്കും
ദില്ലി: ഇറാഖിലെ ഭക്ഷണത്തിന് പകരം എണ്ണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നട്വര്‍ സിംഗിനെതിരെ വോള്‍ക്കര്‍ കമ്മറ്റി ഉയര്‍ത്തിയ ആരോപണത്തെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്.
റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്ക് വഴി വച്ച വസ്തുതകളെപ്പറ്റിയായിരിക്കും അന്വേഷിക്കുകയെന്ന് സൂചനയുണ്ട്. നട്വര്‍ സിംഗിനൊപ്പം കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തും.
നട്വര്‍ സിംഗിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നട്വര്‍ സിംഗുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
കുവൈറ്റ് യുദ്ധത്തിന് ശേഷം ഇറാഖിനെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ യുഎന്‍ നടപ്പാക്കിയ ഭക്ഷണത്തിന് പകരം എണ്ണ പദ്ധതിയില്‍ ഇടനിലക്കാരായി നിന്ന് നട്വര്‍ സിംഗും കോണ്‍ഗ്രസും പണമുണ്ടാക്കിയെന്നാണ് ആരോപണം.
ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ബിജെപി നട്വര്‍ സിംഗിന്റെ രാജിക്ക് വേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താനുളള തീരുമാനത്തിലാണ്.












Click it and Unblock the Notifications