റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വോള്‍കര്‍
ദില്ലി: ഇറാക്കിലെ എണ്ണയ്ക്കു പകരം ഭക്ഷണം പദ്ധതിയില്‍ നിന്നും കോണ്‍ഗ്രസും നട്വര്‍സിംഗും അവിഹിത ലാഭമുണ്ടാക്കിയെന്ന തന്റെ വിവാദ റിപ്പോര്‍ട്ടിനെ കുറിച്ച് പോള്‍ വോള്‍ക്കര്‍ മൗനം ഭഞ്ജിച്ചു. തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശ വിധേയവരായവരോട് ഇതേ കുറിച്ച് ആരാഞ്ഞിരുന്നുവെന്നും തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കിയിരുന്നുവെന്നും വോള്‍കര്‍ വ്യക്തമാക്കി.
നട്വര്‍സിംഗ് ഇന്ത്യയുടെ വിദേശകാര്യമന്ത്രിയാണെന്ന കാര്യം തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസം മാത്രമാണ് താന്‍ അക്കാര്യം അറിഞ്ഞതെന്നും വോള്‍കര്‍ പറഞ്ഞു.
റിപ്പോട്ടില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാവരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടാന്‍ പോകുന്നുവെന്ന കാര്യം അറിയിച്ചിരുന്നു. അവരുടെ പ്രതികരണവും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. പലരും പ്രതികരണം അറിയിച്ചിരുന്നില്ല. 2500 കമ്പനികളും വ്യക്തികളുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതെന്നും വോള്‍കര്‍ പറഞ്ഞു.
ഇറാക്ക് എണ്ണ ഇടപാടു സംബന്ധിച്ച് കഴിഞ്ഞ ദിവസം യുഎന്നിനും പോള്‍ വോള്‍കറിനും ലീഗല്‍ നോട്ടീസ് അയക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും അതിന് തയ്യാറല്ലെങ്കില്‍ പാര്‍ട്ടിയ്ക്കെതിരായ തെറ്റായ പരാമര്‍ശം നടത്തിയതിന് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുന്നത്.












Click it and Unblock the Notifications