മന്ത്രി വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
തിരുവനന്തപുരം: താന്‍ അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള രേഖ കൈമാറാന്‍ ആവശ്യപ്പെടണമെന്ന് കാണിച്ച് മന്ത്രി കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സര്‍ക്കാരിനു കേട്ടുകേള്‍വി പോലുമില്ലാത്ത പദ്ധതിയുടെ രേഖകള്‍ എവിടെനിന്നാണു കിട്ടിയതെന്നു വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നു വേണുഗോപാല്‍ ആവശ്യപ്പെട്ടു. പുകമറ സൃഷ്ടിച്ച് അഴിമതിക്കാരെ രക്ഷിക്കാനാണു വെള്ളാപ്പള്ളി ശ്രമിക്കുന്നത്. പട്ടികവിഭാഗത്തില്‍ നിന്ന് ഒരാളെ ദേവസ്വം ബോര്‍ഡ് അംഗമാക്കാന്‍ ശ്രമിച്ചതാണ് തനിക്കെതിരെ തിരിയാന്‍ കാരണം.
ശബരിമല വികസനവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയും സര്‍ക്കാരിനു മുന്നില്‍ ഇപ്പോഴില്ല. വനഭൂമി വിട്ടുകിട്ടാന്‍ മാസ്റര്‍ പ്ലാന്‍ വേണമെന്ന കേന്ദ്രത്തിന്റെ നിബന്ധനയുടെ അടിസ്ഥാനത്തില്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുക മാത്രമാണു ചെയ്തത്. പദ്ധതികള്‍ നടപ്പാക്കേണ്ടതു ബോര്‍ഡ് ആണെന്നിരിക്കെ, ഇല്ലാത്ത പദ്ധതിയുടെ പേരില്‍ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനു വേണ്ടിയാണെന്നു വ്യക്തമാക്കണമെന്നു വേണുഗോപാല്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications