ദുരിതാശ്വാസ വിതരണ കേന്ദ്രത്തിലെ തിക്കിലും തിരക്കിലും ആറ് പേര്‍ മരിച്ചു
ചെന്നൈ: വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് സ്ത്രീകള്‍ മരിച്ചു. 10പേര്‍ക്ക് പരിക്കേറ്റു. നവംബര്‍ ആറ് ഞായറാഴ്ച ചെന്നൈയുടെ വടക്കുഭാഗത്തുള്ള വ്യാസാര്‍ പാഡിയിലാണ് സംഭവം.
പ്രളയ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ ആശ്വാസമായി പ്രഖ്യാപിച്ച 2000 രൂപയും 10 കിലോഗ്രാം അരിയും മുണ്ടും സാരിയും വിതരണം ചെയ്യുന്ന കേന്ദ്രത്തിനു മുന്നില്‍ ആളുകള്‍ തിക്കും തിരക്കുമുണ്ടാക്കിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ നാലരയോടെ ദുരിതാശ്വാസ കേന്ദ്രത്തിനു മുന്നില്‍ മുന്നൂറോളം പേര്‍ തടിച്ചുകൂടിയിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരിതാശ്വാസ വിതരണ കേന്ദ്രം താത്കാലികമായി അടച്ചു. നഗരത്തിലെ മറ്റു രണ്ടു ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. പേമാരി സാധാരണ ജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9.1 സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തത്.












Click it and Unblock the Notifications