വോള്‍ക്കര്‍: നട്വര്‍ സിംഗിനെ വകുപ്പില്ലാ മന്ത്രിയാക്കി
ദില്ലി: വോള്‍ക്കര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്മേലുള്ള വിവാദത്തെ തുടര്‍ന്ന് നട്വര്‍ സിംഗിനെ വിദേശകാര്യ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി. റിപ്പോര്‍ട്ടിനെ പറ്റിയുള്ള അന്വേഷണം കഴിയുന്നതു വരെ നട്വര്‍ വകുപ്പില്ലാമന്ത്രിയായിരിക്കും.
വിദേശകാര്യ വകുപ്പിന്റെ ചുമതലകള്‍ ഇനി മുതല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായിരിക്കും കൈകാര്യം ചെയ്യുക. ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം അംഗീകരിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവിമുക്തനെന്ന് കണ്ടാല്‍ വിദേശകാര്യ വകുപ്പ് നട്വര്‍ സിംഗിനു തന്നെ തിരിച്ചു നല്‍കാമെന്ന ധാരണയിലാണ് ഈ തീരുമാനമെടുത്തതെന്നാണ് സൂചന. എന്നാല്‍ അന്വേഷണം നീണ്ടുപോകുന്ന പക്ഷം വിദേശകാര്യ വകുപ്പിന് പുതിയ മന്ത്രിയെ കണ്ടെത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായേക്കും.
കോണ്‍ഗ്രസിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിവാദങ്ങള്‍ക്ക് തടയിടാനായാണ് സംഭവത്തെ കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണവും നട്വര്‍ സിംഗിന്റെ വകുപ്പില്ലാ മന്ത്രിപദവും. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നട്വര്‍ സിംഗിനെ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്പ്പിക്കുന്നത് സര്‍ക്കാരിന് ക്ഷീണമാകുമെന്ന നിരീക്ഷണത്തിലാണ് ഈ തീരുമാനം.
നട്വറിനെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നട്വറിനെ വകുപ്പില്ലാ മന്ത്രിയാക്കിക്കൊണ്ടുളള തീരുമാനം. എന്നാല്‍ നട്വറിനെ വകുപ്പില്ലാ മന്ത്രിയായി നിലനിര്‍ത്താനുളള തീരുമാനത്തെ ബിജെപി വിമര്‍ശിച്ചു. ഈ നടപടി കോണ്‍ഗ്രസ് പാര്‍ട്ടിക്കു മേലുള്ള സംശങ്ങള്‍ ശക്തിപ്പെടുത്തുന്നതായി ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.












Click it and Unblock the Notifications