ശബരിമല: ബിഒടി പദ്ധതിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ബിഒടി അടിസ്ഥാനത്തില്‍ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് രേഖകള്‍ കൈവശമുണ്ടെന്ന് പറയുന്നവര്‍ അത് ഹാജരാക്കുകയാണ് വേണ്ടത്. ദേവസ്വം ബോര്‍ഡിനെ നിയന്ത്രിക്കുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
ഇക്കോസ്മാര്‍ട്ട് എന്ന കമ്പനിയെ ശബരിമല വികസനത്തിന് മാസ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ വേണ്ടി മാത്രമാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ അവരുടെ ഒരു പ്രതിനിധി ബിസിലൈസ് ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ബിഒടി പദ്ധതിയെ കുറിച്ച് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ മനോരമയില്‍ വാര്‍ത്ത വന്നപ്പോള്‍ തന്നെ താന്‍ അക്കാര്യം നിഷേധിച്ചിരുന്നതാണ്.
ഇതേ കുറിച്ച് ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്പനിയോട് വിശദീകരണം ചോദിച്ചിരുന്നു. പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പു പറയുകയാണ് കമ്പനി ചെയ്തത്. ഇതുസംബന്ധിച്ച രേഖകള്‍ വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.
ശബരിമല വികസനം സംബന്ധിച്ച് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരേ കാഴ്ചപ്പാടാണുള്ളത്. വെള്ളാപ്പള്ളിയെ വേട്ടയാടാന്‍ തനിക്കാവില്ലെന്നും താനൊരു പാവമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് നിയന്ത്രിക്കാനുള്ള ഒരു ഓര്‍ഡിനന്‍സും സര്‍ക്കാര്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നില്ല. മറിച്ചുള്ള പ്രചാരണം വര്‍ഗീയ വികാരം ഇളക്കിവിടാന്‍ വേണ്ടി മാത്രമാണെന്നും വേണുഗോപാല്‍ ആരോപിച്ചു.












Click it and Unblock the Notifications