ശബരിമല വികസനകരാറുകള്‍ വെളിപ്പെടുത്തണം: വെള്ളാപ്പള്ളി
ആലപ്പുഴ: ബിഒടി പദ്ധതിയനുസരിച്ചല്ല ശബരിമല വികസനം നടപ്പാക്കുന്നതെങ്കില്‍ ഇക്കോ സ്മാര്‍ട്ട് കമ്പനിയുമായി ഉണ്ടാക്കിയ കരാറും വ്യവസ്ഥകളും വെളിപ്പെടുത്താന്‍ മന്ത്രി കെ.സി വേണുഗോപാല്‍ തയ്യാറാകണമെന്ന് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഈ കരാറില്‍ ദേവസ്വംബോര്‍ഡിന്റെ പങ്ക് എന്താണെന്നും വ്യക്തമാക്കണം. സ്വന്തം വീട് പൊളിച്ച് പണിയുന്നത് വീട്ടുകാരന്‍ അറിയാത്തത് പോലെയാണ് ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ ശബരിമല വികസനത്തിനായി കരാറുണ്ടാക്കിയത്.
ഇക്കോ സ്മാര്‍ട്ട് കമ്പനി ആരുമായാണ് കരാര്‍ ഒപ്പുവച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. കരാറുള്ളതു കൊണ്ടാണ് 40 ലക്ഷം അവര്‍ക്കു കൊടുത്തത്. അല്ലെങ്കില്‍ ഈ തുക ട്രഷറിയില്‍ നിന്നും ആര്, എന്തിന് വേണ്ടിയാണ് കൊടുത്തതെന്ന് വ്യക്തമാക്കണം.
ബിഒടി പ്രകാരമല്ലാ വികസനം നടപ്പാക്കുന്നതെങ്കില്‍ ശബരിമല വികസനത്തിനായി 1000 കോടി രൂപ ആരു ചെലവാക്കുമെന്നും വ്യക്തമാക്കണം.
ഇക്കാര്യത്തെ പറ്റി സോണിയാഗാന്ധിക്ക് പരാതി നല്‍കിയത് ശരിയല്ലെന്ന മന്ത്രിയുടെ നിലപാട് അപക്വമാണ്. സോണിയയേക്കാള്‍ വലിയ ആളാണ് താനെന്ന് മന്ത്രി കരുതുന്നതും തെറ്റാണ്. പരാതി നല്‍കുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചക്ക് വിളിക്കുകയും ചെയ്ത സാഹചര്യത്തില്‍ തല്‍ക്കാലം വിവാദത്തില്‍ നിന്ന് പിന്‍മാറുകയാണ്. രേഖകള്‍ പഠിച്ചിട്ട് കാര്യമില്ലെന്ന് അവര്‍ പറയുകയാണെങ്കില്‍ അവ പുറത്തുവിടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications