ഇന്ത്യ 26 പാക് തടവുകാരെ മോചിപ്പിക്കും
ദില്ലി: ഇന്ത്യ 26 പാക് തടവുകാരെ നവംബര്‍ 18ന് മോചിപ്പിക്കും. തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ധാരണയുടെ ഭാഗമായാണ് ഇവരെ മോചിപ്പിക്കുന്നത്. വാഗ അതിര്‍ത്തിയില്‍ വച്ചാണ് ഇവരെ മോചിപ്പിക്കുക.
ഈ തടവുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന പാക് ഹൈകമ്മീഷന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യാ-പാക് സര്‍ക്കാരുകളുടെ ആഭ്യന്തരമന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ തദ്ദേശീയരായ തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ധാരണയായിരുന്നു. തടവുകാരുടെ ശിക്ഷാകാലാവധി തീരുകയും ഇവരാരാണെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയുകയും ചെയ്താല്‍ തടവുകാരെ വേഗത്തില്‍ മോചിപ്പിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. അതാത് രാജ്യങ്ങളിലെ തടവുകാരുടേയും മത്സ്യതൊഴിലാളികളായ തടവുകാരുടേയും കാര്യത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഇതനുസരിച്ച് 97 പാകിസ്ഥാന്‍കാരേയും 51 പാക് വംശജരായ മുക്കുവരേയും സപ്തംബര്‍ 15ന് വാഗ ബോര്‍ഡറില്‍ ഇന്ത്യ മോചിപ്പിച്ചിരുന്നു. അന്നു തന്നെ 371 ഇന്ത്യക്കാരായ മുക്കുവരേയും മറ്റ് 64 ഇന്ത്യന്‍ തടവുകാരേയും പാകിസ്ഥാനും മോചിപ്പിച്ചിരുന്നു.












Click it and Unblock the Notifications