തോക്ക് ചൂണ്ടി മര്‍ദിച്ച കേസില്‍ നടന്‍ ബൈജു ഒളിവില്‍
തിരുവനന്തപുരം: നഗരത്തിലെ ഒരു ക്ലബ്ബില്‍ വച്ച് വിദേശമലയാളിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിന് നടന്‍ ബൈജുവിനെതിരെ പൊലീസ് കേസെടുത്തു. ബൈജു ഇപ്പോള്‍ ഒളിവിലാണ്.
വഴുതയ്ക്കാടെ ബൈജുവിന്റെ വീട്ടില്‍ നിന്നും തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തോക്ക് ലൈസന്‍സ് റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി നഗരത്തിലെ ഒരു ക്ലബ്ബിലെ നിശാപരിപാടിക്കിടെയാണ് വിദേശ മലയാളിയായ പത്തനംതിട്ട സ്വദേശി പി.എന്‍.മധുമോഹനനെ ബൈജു മര്‍ദിച്ചത്. തന്നെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മധുമോഹന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കേസ് രജിസ്റര്‍ ചെയ്തിട്ടും പൊലീസ് ബൈജുവിനെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. തിങ്കളാഴ്ച പകല്‍ ബൈജുവിനെ അറസ്റ് ചെയ്യാന്‍ ശ്രമിക്കാതിരുന്ന പൊലീസ് രാത്രിയാണ് ബൈജുവിന്റെ വീട്ടിലെത്തിയത്. അപ്പോഴേക്കും ബൈജു മുങ്ങിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നും തോക്ക് കണ്ടെത്തിയത്.
ബിജെപിക്കാരനായ ബൈജുവിന് പല രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. തലസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ബൈജുവിന്റെ സുഹൃത്തുക്കളാണ്. ഇവരുടെയെല്ലാം സമ്മര്‍ദം മൂലമാണ് ബൈജുവിന് ഒളിവില്‍ പോകാന്‍ പൊലീസ് വഴിയൊരുക്കിയതെന്ന് ആരോപണമുണ്ട്.
ആയുധനിയമം ലംഘിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളിലാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തോക്ക് പൊലീസിനെ ഏല്പിക്കണമെന്ന നിര്‍ദേശവും ബൈജു പാലിച്ചിട്ടില്ല.












Click it and Unblock the Notifications