ദില്ലി സ്ഫോടനം: അറസ്റിലായ ആള്‍ മോഷ്ടാവ്
ദില്ലി: ദില്ലി സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിച്ച് സൈനികര്‍ ജമ്മു കശ്മീരില്‍ നിന്നും അറസ്റ് ചെയ്ത ഗുലാം മൊയുദ്ദീന്‍ ലോണ്‍ എന്നയാള്‍ മോഷ്ടാവ് മാത്രമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ഇയാള്‍ ഒരു ലോറിയിലെ ക്ലീനറായിരുന്നെന്നും തന്റെ മുതലാളിയില്‍ നിന്ന് മോഷ്ടിച്ചെടുത്ത 20,000 രൂപയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും ഇയാളെ ചോദ്യം ചെയ്ത ദേശീയ സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.
രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ച് കവര്‍ച്ച നടത്തിയ ശേഷം രണ്ടാഴ്ച പല സ്ഥലത്തു കറങ്ങിയ ശേഷമാണ് ഇയാള്‍ കശ്മീരിലെ ദോഡയിലുള്ള തന്റെ ജന്മസ്ഥലമായ ബനിയാലില്‍ എത്തിയത്. തിരിച്ചുവരുമ്പോഴാണ് ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിള്‍ സേനയുടെ പിടിയില്‍പ്പെട്ടത്.
ഇതെത്തുടര്‍ന്ന് തനിക്ക് ദില്ലി സ്ഫോടനപരമ്പരയില്‍ പങ്കുണ്ടെന്ന് ഇയാള്‍ കള്ളഅവകാശവാദം ഉന്നയിക്കുകയായിരുന്നു. എന്നാല്‍ ദില്ലിയിലേക്ക് കൊണ്ടുവന്ന ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞത്.
മുന്‍പ് രണ്ടുതവണ ലോണ്‍ ദില്ലിയിലെത്തിയെങ്കിലും ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications