ജോര്‍ദാനില്‍ സ്ഫോടന പരമ്പര: 57 പേര്‍ മരിച്ചു
അമ്മന്‍: ജോര്‍ദാന്റെ തലസ്ഥാനമായ അമ്മനില്‍ മൂന്ന് ഹോട്ടലുകളിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനങ്ങളില്‍ 57 പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.
വിദേശികള്‍ താമസിക്കാറുള്ള മൂന്ന് ഹോട്ടലുകളിലാണ് ബുധനാഴ്ച രാത്രി സ്ഫോടനമുണ്ടായത്. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 9.02 (ഇന്ത്യന്‍ സമയം 12.32)നാണ് ആദ്യത്തെ സ്ഫോടനം നടന്നത്.
റാഡിസണ്‍ എസ്എഎസ് എന്ന ഹോട്ടലില്‍ നടന്ന സ്ഫോടനത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. വിവാഹ സ്വീകരണം നടക്കുന്നതിനിടയിലാണ് ചാവേര്‍ ബോംബ് പൊട്ടിച്ചത്. ഗ്രാന്റ് ഹിയാത്, ഡേയ്സ് ഇന്‍ എന്നിവയാണ് സ്ഫോടനം നടന്ന മറ്റു ഹോട്ടലുകള്‍.
ഗ്രാന്റ് ഹിയാത് ഹോട്ടലിന്റെ കവാടത്തില്‍ വച്ചായിരുന്നു ചാവേര്‍ ബോംബ് സ്ഫോടനം. ഡേയ്സ് ഇന്‍ എന്ന ഹോട്ടലില്‍ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനമാണ് നടന്നത്. സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ മിക്കവരും ജോര്‍ദാനികളാണ്. കിലോമീറ്ററുകള്‍ക്കപ്പുറം സ്ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു.
ഇതുവരെ അറബ് രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതിപോന്നിരുന്ന തലസ്ഥാന നഗരിയാണ് ജോര്‍ദാന്‍. സ്ഫോടനങ്ങള്‍ക്കു പിന്നില്‍ തീവ്രവാദികളാണെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ പറഞ്ഞു.
സ്ഫോടനത്തെ തുടര്‍ന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ ജോര്‍ദാനില്‍ നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവച്ചു. അന്നന്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തിവരികയാണ്.
വ്യാഴാഴ്ച സ്കൂളുകളും ഓഫീസുകളും അടച്ചിടാന്‍ പ്രധാനമന്ത്രി അദ്നാന്‍ ബദ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications