കോണ്‍ഗ്രസിന്റെ പൗരാവകാശ സംരക്ഷണ യോഗം തന്ത്രം: ബിജെപി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പൗരാവകാശ സംരക്ഷണയോഗം ഒരു രാഷ്ട്രീയതന്ത്രമാണെന്ന് ബിജെപി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. നവംബര്‍ 10 വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ആളുകള്‍ തന്നെയാണ് പൗരാവകാശ ലംഘനം നടത്തുന്നത്. കണ്ണൂരില്‍ നടത്തിയതും തിരുവനന്തപുരത്ത് നടത്താനിരിക്കുന്നതുമായ പൗരാവകാശ യോഗം കോണ്‍ഗ്രസ് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് തെളിയിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടു. യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് പകരം ഇത്തരം അതിക്രമങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അവര്‍ രാജി വയ്ക്കുകയാണ് വേണ്ടത്.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെക്കുറിച്ചാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറയുന്നത്. ഇക്കാര്യം ഇതിനും മുന്‍പ് ബിജെപി ഉന്നയിച്ചിട്ടുളളതാണ്. കണ്ണൂരില്‍ ഇന്ത്യന്‍ ഭരണഘടനയല്ല, സിപിഎം ഭരണഘടനയാണ് നടപ്പിലുള്ളത്. ഇടത് നേതൃത്വത്തിലുള്ള സമാന്തര സര്‍ക്കാരും സമാന്തരകോടതികളുമാണ് കണ്ണൂരിലുള്ളത്.
ഇടതുപക്ഷവുമായി സര്‍ക്കാരിന് അവിശുദ്ധബന്ധമുണ്ട്. തൃശൂര്‍ ജയിലിലെ സിപിഎം കുറ്റവാളികളെ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ബിജെപി തടവുകാര്‍ തങ്ങളെ കണ്ണൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചില്ല.
വേണമെങ്കില്‍ പൊലീസ് സ്റേഷനുളളിലും ബോംബ് നിര്‍മിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടും ഇദ്ദേഹത്തെ അറസ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ധൈര്യപ്പെടുന്നില്ല. ഇതെല്ലാം കോണ്‍ഗ്രസും ഇടതുപക്ഷവുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.
കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ സിപിഎം നേതാവ് പ്രകാശ് കാരാട്ട് സ്വാധീനിക്കുന്നിടത്തോളം കാലം കേരളത്തിലെ കോണ്‍ഗ്രസിന് കാര്യമായ പ്രസക്തിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications