അബു സലീമിനെ വിട്ടുകിട്ടാന്‍ നിബന്ധന അംഗീകരിച്ചത് സര്‍ക്കാരെന്ന് സിബിഐ
മുംബൈ: അധോലോക നേതാവ് അബു സലീമിനെ വിട്ടുകിട്ടുന്നതു സംബന്ധിച്ച നിബന്ധനകള്‍ അംഗീകരിച്ചത് തങ്ങളല്ലെന്നും സര്‍ക്കാരാണെന്നും സിബിഐ വ്യക്തമാക്കി.
വധശിക്ഷക്ക് വിധേയനാക്കില്ലെന്നും 25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ വിധിക്കില്ലെന്നും ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് അബു സലീമിനേയും കാമുകി മോണിക്ക ബേദിയേയും വിട്ടുതരാന്‍ പോര്‍ച്ചുഗല്‍ തയ്യാറായത്. എന്നാല്‍ ടാഡ പ്രത്യേക കോടതി ജഡ്ജി ഈ നിബന്ധനകളെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്കു നല്‍കേണ്ട ശിക്ഷയെപ്പറ്റി എങ്ങിനെ മുന്‍കൂട്ടി തീരുമാനിക്കാനാകുമെന്ന് ജഡ്ജി കഴിഞ്ഞ ദിവസം സിബിഐയോട് ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നിബന്ധനകള്‍ അംഗീകരിച്ചത് തങ്ങളല്ല, സര്‍ക്കാരാണെന്ന് സിബിഐ വ്യക്തമാക്കിയത്.
അതേസമയം മുംബൈ സ്ഫോടനക്കേസില്‍ അബു സലീമിന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ക്ക് ബലം പോരെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. സ്ഫോടകവസ്തുക്കളും ആയുധങ്ങളും കൊണ്ടുവന്നുവെന്നതാണ് സലീമിന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഇതിനുള്ള തെളിവ് ഭൂരിഭാഗവും സാക്ഷിമൊഴികള്‍ മാത്രമാണ്. രേഖാമൂലമുള്ള തെളിവുകള്‍ വളരെക്കുറവാണ്.
മാത്രമല്ല, വധശിക്ഷയോ 25 കൊല്ലത്തില്‍ കൂടുതല്‍ തടവോ ഇയാള്‍ക്ക് നല്‍കില്ലെന്ന് പോര്‍ച്ചുഗലിന് ഇന്ത്യ നല്‍കിയ ഉറപ്പ് സലീമിന് കഠിനശിക്ഷ നല്‍കുന്നതിന് തടസമാകും. സ്ഫോടനക്കേസിലെ പ്രധാനപ്രതിയായ ഇയാള്‍ക്ക് കുറവു ശിക്ഷയും കേസിലുള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വധശിക്ഷയോ തക്കതായ മറ്റു ശിക്ഷകളോ നല്‍കിയാലും അതും പ്രശ്നം സൃഷ്ടിക്കും.
അബു സലീമിനെ കൈമാറിക്കിട്ടിയെങ്കിലും ഇയാള്‍ക്കെതിരെ തെളിവുകള്‍ നിരത്തുന്നതായിരിക്കും സിബിഐക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications