സാര്‍ക് ഉച്ചകോടി ധാക്കയില്‍ തുടങ്ങി
ധാക്ക: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ ധാക്കയില്‍ 13-ാമത് സാര്‍ക് ഉച്ചകോടി തുടങ്ങി. മറ്റ് സാര്‍ക് രാജ്യ തലവന്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടി തുടങ്ങുമ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസാണ് അധ്യക്ഷത വഹിച്ചത്. പിന്നീട് അദ്ദേഹം ആതിഥേയ രാജ്യമായ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ഖാലിദാ സിയക്ക് അധ്യക്ഷസ്ഥാനം കൈമാറി.
ഇന്ത്യയിലും പാകിസ്ഥാനിലുമുണ്ടായ ഭൂകമ്പത്തിലും കഴിഞ്ഞ ഡിസംബറിലുണ്ടായ സുനാമി ദുരന്തത്തിലും മരിച്ചവരുടെ സ്മരണാര്‍ഥം നേതാക്കള്‍ ഒരു മിനുട്ട് മൗനമാചരിച്ചു.
ഈ ഉച്ചകോടിയോടെ 1985ല്‍ രൂപീകൃതമായ സാര്‍ക് മൂന്നാം ദശകത്തിലേക്ക് കടക്കുകയാണ്. ഏഴ് സാര്‍ക് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രതലവന്‍മാരുടെ ഭാര്യമാരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. 1985ലെ സ്ഥാപക ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച മുന്‍ ബംഗ്ലാദേശ് പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദും ഇര്‍ഷാദും ഉച്ചകോടിയില്‍ സന്നിഹിതനാണ്.
ബംഗ്ലാദേശിലെ പ്രതിപക്ഷനേതാവും അവാമി ലീഗ് പാര്‍ട്ടി നേതാവുമായ ഷെയ്ഖ് ഹസീന വജിദ് ഉച്ചകോടിയില്‍ നിന്നും വിട്ടുനിന്നു.












Click it and Unblock the Notifications