അതിര്‍ത്തി കടന്നുള്ള തീവ്രവാദം നിറുത്തണം: മന്‍മോഹന്‍ സിംഗ്
ധാക്ക: സാര്‍ക്ക് രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ധാക്കയില്‍ നവംബര്‍ 12 ശനിയാഴ്ച ആരംഭിച്ച സാര്‍ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി കടന്നുള്ള തീവ്രവാദി പ്രവര്‍ത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ല. സ്വന്തം അതിര്‍ത്തികള്‍ മറ്റു രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കാന്‍ അനുവദിക്കരുത്.
പാകിസ്ഥാനിലും വടക്കുകിഴക്കന്‍ ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദക്യാമ്പുകളുടെ കാര്യത്തിലും നുഴഞ്ഞു കയറ്റങ്ങളിലും ഇന്ത്യക്ക് അതിയായ ഉത്കണ്ഠയുണ്ട്. പരസ്പര വിശ്വാസത്തിലൂടെയും ഒത്തൊരുമിച്ചുള്ള ഉത്തരവാദിത്വങ്ങളിലൂടെയുമേ തീവ്രവാദം അവസാനിപ്പിക്കാന്‍ പറ്റുകയുള്ളു. ഇതുവഴി മാത്രമേ ആഗ്രഹിക്കുന്ന വിധത്തില്‍ നമുക്ക് പുരോഗതി നേടാനാകൂ.
സാര്‍ക് രാജ്യങ്ങള്‍ക്കിടയിലുള്ള ഗതാഗതവും വാര്‍ത്താവിനിമയ സൗകര്യങ്ങളും മെച്ചപ്പെടുത്തണം. ഇന്ത്യന്‍ അതിര്‍ത്തികള്‍ ഇതിനു വേണ്ടി ഉപയോഗിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക സഹകരണം, പരസ്പരമുള്ള വ്യോമഗതാഗതം വര്‍ദ്ധിക്കുക, ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാദേശികസംവിധാനം ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു.












Click it and Unblock the Notifications