കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ മത്സരം ഇടത്-വലത് മുന്നണികള്‍ തമ്മില്‍: മുരളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ തമ്മിലാണ് മത്സരം നടക്കുന്നതെന്നും ബിജെപി ചിത്രത്തിലില്ലെന്നും ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. കേസരി സ്മാരക ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിപാട് കഴിക്കുന്നത് പോലെയാണ് ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ കേരളത്തില്‍ പ്രചരണത്തിന് വന്നത്. എന്നാല്‍ ഈ നീക്കങ്ങളെയൊക്കെ അതിജീവിച്ച് എല്‍ഡിഎഫ് മികച്ച വിജയം നേടും.

തോല്‍വി ഭയന്ന് യുഡിഎഫ് അക്രമങ്ങളിലേക്കും പണക്കൊഴുപ്പിലേക്കുമാണ് തിരിയുന്നത്. കെ.കരുണാകരനെ കഴിഞ്ഞ ദിവസം തടയുകയും അധിക്ഷേപിക്കുകയും ചെയ്തു. താന്‍ പങ്കെടുത്ത ജാഥക്ക് മുന്നില്‍ വന്ന് കെഎസ്യുക്കാരെന്ന പേരില്‍ ചിലര്‍ ചീത്ത പറഞ്ഞു.

നെയ്യാറ്റിന്‍കരയിലെ ബിഷപ്പ് ഹൗസ് ആക്രമിച്ച കേസില്‍ ആര്‍ച്ച് ബിഷപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ മാത്രമാണ് മൂന്നുപേരെ അറസ്റ് ചെയ്യാന്‍ തയ്യാറായത്. ഇതിലെ പ്രതിയായ സജിന്‍ലാലിന് തിരഞ്ഞെടുപ്പിന് ശേഷം എളുപ്പത്തില്‍ രക്ഷപ്പെട്ടു പോരാന്‍ കഴിയും വിധമാണ് കേസെടുത്തിരിക്കുന്നത്.

സിപിഎമ്മിനെതിരെ പൗരാവകാശ സംഗമം നടത്തുന്നവര്‍ സുനാമി ബാധിച്ച സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളെക്കുറിച്ച് കൂടി ചിന്തിക്കണം. തിരഞ്ഞെടുപ്പ് തിരക്ക് ഇല്ലായിരുന്നെങ്കില്‍ ഡിഐസി അവരുടെ കുടുംബ സംഗമം സംഘടിപ്പിക്കുമായിരുന്നു.

തന്നെ മിര്‍ജാഫറെന്ന് വിളിച്ച വയലാര്‍ രവി മാര്‍ത്താണ്ഡവര്‍മയുടെ കാലത്തെ കുറ്റിയൂരിപ്പണിക്കരുടെ സ്വഭാവമാണ് കാണിക്കുന്നത്. രാഷ്ട്രീയ സംസ്കാരമുള്ളവരോടേ പ്രതികരിക്കൂ എന്നതിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നതിനോട് മറുപടി പറയാന്‍ താനില്ല.

ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തുന്നത് പോലെ വ്യാജപരസ്യം പത്രങ്ങളില്‍ നല്‍കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം. തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസുകാര്‍ പറഞ്ഞുകൊണ്ടു നടക്കുന്ന കാര്യങ്ങളാണ് ഊരും പേരുമില്ലാത്ത ആ പരസ്യത്തിലുള്ളത്. ഇത് ആണും പെണ്ണും കെട്ട സ്വഭാവമാണ്.

ശ്രദ്ധിച്ച് മുന്നോട്ടുകൊണ്ടുപോയാല്‍ വീക്ഷണത്തിന് നിലനില്‍ക്കാനാവും. എന്നാല്‍ പത്രത്തിന്റെ എല്ലാ ബാധ്യതകളും അവസാനിപ്പിച്ച തന്നെ ആദ്യലക്കത്തില്‍ തന്നെ ചീത്ത വിളിക്കാതിരിക്കാമായിരുന്നു. തന്നെ എന്തു പറഞ്ഞാലും അത് അച്ചടിച്ചവര്‍ മാത്രമേ വായിക്കുകയുളളൂവെന്നും മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X