സ്വകാര്യ വ്യവസായങ്ങള്‍ക്ക് സഹായം: പ്രധാനമന്ത്രി
ദില്ലി: സ്വാകാര്യ വ്യവസായങ്ങളുടെ വളര്‍ച്ചക്കായി സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യവ്യവസായങ്ങള്‍ വളരേണ്ടത് രാജ്യപുരോഗതിയുടെ ഭാഗമാണ്. ഇത് രാജ്യത്തിന് മുന്നിലുള്ള ഒരു വെല്ലുവിളി കൂടിയാണ്.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ജനജീവിതം വളരെ പിന്നോക്കമാണ്. നഗരങ്ങളിലെ സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും ലഭ്യമാക്കണം.
ബ്യൂറോക്രാറ്റിക് നയങ്ങളാണ് സ്വകാര്യവ്യവസായങ്ങളുടെ വളര്‍ച്ചക്ക് തടസമാകുന്നത്. സ്വകാര്യവ്യവസായ വളര്‍ച്ച ഉറപ്പുവരുത്താന്‍ ഏതു തടസങ്ങളും തട്ടിനീക്കാന്‍ താന്‍ തയ്യാറാണ്.
നഗരങ്ങള്‍ കൂടുതല്‍ പുരോഗതി നേടുകയും ഗ്രാമങ്ങള്‍ പിന്‍തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥാവിശേഷം ഇനിയും സഹിക്കാനാകില്ല. ഇന്ത്യയിലെ ഒരു വിഭാഗം മുന്നോട്ടു കുതിക്കുമ്പോള്‍ മറുവിഭാഗം അതിനെ പിടിച്ചുനിര്‍ത്തുവാന്‍ ശ്രമിക്കുന്നു. ഒരു സര്‍ക്കാരിനും ഈ വെല്ലുവിളി അവഗണിക്കാനാവില്ല.
രാജ്യത്ത് കൂടുതല്‍ നിക്ഷേപത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ ഈ നിക്ഷേപസാധ്യത സൃഷ്ടിക്കുകയെന്നതിന് സര്‍ക്കാരിന് ഒരു പരിധിയുമുണ്ട്. ഈ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.
നഗരങ്ങളില്‍ ഇപ്പോഴുളള അടിസ്ഥാനസൗകര്യങ്ങള്‍ വളര്‍ന്നുവരുന്ന ജനതയെ ഉള്‍ക്കൊള്ളാനാവാത്ത വിധത്തിലാണ്. കൂടുതല്‍ ജനസമൂഹത്തെ ഉള്‍ക്കൊളളാന്‍ സൗകര്യങ്ങളുള്ള പുതിയ നഗരങ്ങള്‍ സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications