ബീഹാറില്‍ 15 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി
പട്ന: ബീഹാറിലെ15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 16 ബുധനാഴ്ച ആരംഭിച്ചു. സുരക്ഷാകാരണങ്ങളാലാണ് 13ന് ഇവിടെ തിരഞ്ഞെടുപ്പ് നടത്താതിരുന്നത്.
നക്സലൈറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സുരക്ഷാസന്നാഹങ്ങളുടെ ഭാഗമായി ബീഹാര്‍-നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്കു മുകളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.
കേന്ദ്രസേനാംഗങ്ങളായ 15,900 പേരടക്കം 32,000 സുരക്ഷാഉദ്യോഗസ്ഥരെ 3415 ബൂത്തുകളിലായി വിന്യസിച്ചിട്ടുണ്ട്. കിഴക്ക്, പടിഞ്ഞാറാന്‍ ചമ്പാരന്‍, സീതാമാര്‍ഹി, മധുബാനി ജില്ലകളില്‍ സൈനികള്‍ പട്രോളിംഗ് നടത്തുന്നുണ്ട്.
റാബ്റി മന്ത്രിസഭയിലുണ്ടായിരുന്ന രണ്ട് മന്ത്രിമാരടക്കം 119 സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ വിധി തേടുന്നുണ്ട്. 31.74 ലക്ഷം പേരാണ് ബുധനാഴ്ച വോട്ടവകാശം വിനിയോഗിക്കുക.
നവംബര്‍ 13ന് ജെഹാനാബാദില്‍ നടന്ന ജയില്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രഅര്‍ദ്ധ സൈനികവിഭാഗവും വോട്ടെടുപ്പിനോടനുബന്ധിച്ച് പട്രോളിംഗ് നടത്തുന്നുണ്ട്.
എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവും ബിജെപിയും യഥാക്രമം എട്ടും ഏഴും സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ആര്‍ജെഡി. കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ സെക്യൂലാര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങള്‍ യഥാക്രമം 10, അഞ്ച്, രണ്ട് എന്നീ ക്രമത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്.
ബീഹാറിലെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ നക്സലുകള്‍ നേരത്തേ തന്നെ ആഹ്വാനം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications