കശ്മീരില്‍ സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു
ശ്രീനഗര്‍: ദാല്‍ഗേറ്റിലെ ജമ്മു-കശ്മീര്‍ ബാങ്ക് കോര്‍പറേറ്റ് ഓഫീസിന് പുറത്ത് ഭീകരര്‍ നടത്തിയ ശക്തമായ കാര്‍ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഉസ്മാന്‍ മജീദുള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റു.
നവംബര്‍ 16 ബുധനാഴ്ച രാവിലെ 10.15നാണ് സംഭവമുണ്ടായത്. ഉസ്മാനെ ലക്ഷ്യം വച്ചായിരുന്നു സ്ഫോടനമെന്ന് കരുതുന്നു. അദ്ദേഹത്തിന്റെഅകമ്പടിക്കാറുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. ഉസ്മാന്റെ അഞ്ച് അംഗരക്ഷകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഉസ്മാന്റെ കാര്‍ കടന്നുപോയ ഉടനെയാണ് സ്ഫോടനമുണ്ടായത്. ഉസ്മാന് കയ്യിലും മുഖത്തും ചെറിയ പരിക്കുകളേറ്റിട്ടുണ്ട്.
വാഹനത്തിനുള്ളില്‍ ആര്‍ഡിഎക്സ് വച്ചാണ് ഭീകരര്‍ സ്ഫോടനം നടത്തിയതെന്നാണ് കരുതുന്നത്. സ്ഫോടനത്തിന്റെ ശബ്ദം നിരവധി കിലോമീറ്റര്‍ അകലെ വരെ കേട്ടു. സ്ഫോടനത്തിനു മുന്‍പായി വെടിയൊച്ചകളും കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ബാങ്കിന്റേയും സമീപത്തുള്ള നിരവധി കെട്ടിടങ്ങളുടേയും ജനല്‍ച്ചില്ലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. സ്ഫോടനം സൃഷ്ടിച്ച പരിഭ്രാന്തി മൂലം ഗതാഗതതടസമുണ്ടായതിനാല്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. സംഭവസ്ഥലമാകെ പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
ഇതുവരെ ഒരു തീവ്രവാദി സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ലാല്‍ ചൗക്കില്‍ ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയുടെ ഒരു ചാവേറിനെ അറസ്റ് ചെയ്യുകയും മറ്റൊരാളെ വധിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ സ്ഫോടനമുണ്ടായത്.












Click it and Unblock the Notifications