നടി ഖുശ്ബു കോടതി മുമ്പാകെ കീഴടങ്ങി
മേട്ടൂര്‍: വിവാഹപൂര്‍വ ലൈംഗികതയെ കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് വാര്‍ത്താകേന്ദ്രമായ ചലച്ചിത്രനടി ഖുശ്ബു മേട്ടൂര്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ നവംബര്‍ 16 ബുധനാഴ്ച കീഴടങ്ങി.
ചൊവ്വാഴ്ച കീഴടങ്ങാന്‍ കുശ്ബു കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുശ്ബുവെത്തിയപ്പോള്‍ കോടതി സമയം കഴിഞ്ഞതിനാല്‍ മജിസ്ട്രേറ്റ് എസ്.ശ്രീധരന്‍ കോടതിയിലുണ്ടായിരുന്നില്ല. ബുധനാഴ്ച വീണ്ടും ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു.
വിവാഹപൂര്‍വ ലൈംഗികതയെ കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ കോടതിക്കു മുമ്പാകെ ഹാജരാകാത്തതിനെ തുടര്‍ന്ന് നവംബര്‍ 11ന് കുശ്ബുവിനെതിരെ മജിസ്ട്രേറ്റ് ശ്രീധരന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് 5.10നാണ് കുശ്ബു കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെ കുശ്ബു സേലത്തേക്കു പോയി. അറസ്റ് വാറന്റുണ്ടെങ്കിലും സേലം പൊലീസ് കുശ്ബുവിനെതിരെ നടപടിയൊന്നുമെടുത്തില്ല. അറസ്റ് ചെയ്യേണ്ടത് ചെന്നൈ പൊലീസാണെന്ന നിലപാടിലായിരുന്നു അവര്‍.
അതിനിടെ കുശ്ബുവിന്റെ വിവാദ പരാമര്‍ശങ്ങളെ പിന്തുണച്ച നടി സുഹാസിനി ചൊവ്വാഴ്ച പരസ്യമായി മാപ്പു പറഞ്ഞിരുന്നു.












Click it and Unblock the Notifications