റാഗിങ് അന്വേഷണം വഴിതെറ്റിക്കുന്നു: പിണറായി
തിരുവനന്തപുരം: കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ് കേസില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റക്കാരെ രക്ഷപ്പെടുത്താനായി അന്വേഷണം വഴിതെറ്റിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ശ്രമം. ഫലപ്രദമായി അന്വേഷണം നടക്കുന്നുവെന്ന തോന്നലാണ് ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായത്. അതിനിടെ അന്വേഷണ ചുമതല എസ്പി യില്‍ നിന്ന് മാറ്റി മധ്യമേഖലാ ഡിഐജിക്ക് നല്‍കി. ഇത് അന്വേഷണം അട്ടിമറിക്കാനാണ്.
കുറ്റം ചെയ്തവര്‍ ക്രിമിനലുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അവരെ സംരക്ഷിക്കാനാണ് ശ്രമം. ഒരു സ്ത്രീ ആയിരുന്നിട്ടുപോലും റാഗിങ് വിവരം മറച്ചുവയ്ക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍ തയ്യാറായത് അവര്‍ക്കു മേലുള്ള സമ്മര്‍ദ്ദമാണ് കാട്ടുന്നത്. ഉന്നതരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാന്‍ കോട്ടയം എസ്പി അവരെ വിളിച്ചപ്പോള്‍ അവര്‍ തിരുവനന്തപുരത്താണെന്നാണ് പറഞ്ഞത്. പിന്നീട് ഇവര്‍ കോട്ടയത്തു തന്നെയാണെന്ന് വ്യക്തമായി. തെറ്റായ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇവര്‍ ഇക്കാര്യം പറഞ്ഞതെന്ന് വ്യക്തമാണ്. പിന്നീട് ഡോക്ടര്‍ റിപ്പോര്‍ട്ട് എഴുതിനല്‍കി.
തിരുവനന്തപുരത്ത് തമ്പാനൂരില്‍ നിന്നും പൊലീസ് പിടിയിലായ യുവാവ് പൊലീസ് മര്‍ദനമേറ്റ് മരിച്ചത് ലോക്കപ്പ് മരണം തന്നെയാണ്. ഇവിടുത്തെ ലോക്കപ്പുകള്‍ കുറച്ചു നാളായി കൊലപാതകകേന്ദ്രങ്ങളായി മാറുകയാണ്.
തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തോടെ ജയിക്കും. യുഡിഎഫ് ഭരണം തുടങ്ങിയ അന്നുമുതല്‍ ഒരോരുത്തര്‍ പിരിഞ്ഞുപോയി. ഇപ്പോള്‍ യുഡിഎഫ് കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. അതിനായി ഏതു വഴിവിട്ട മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കും. ആര്‍എസ്എസിനെ യുഡിഎഫ് കൂട്ടുപിടിച്ചിരിക്കുന്നത് ഇതിന് ഉദാഹരണമാണ്.
രാജന്‍ കേസ് പുനരന്വേഷിക്കുന്നതിനെ പറ്റി സിപിഎമ്മില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications