നിതീഷ്കുമാര്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും
പട്ന: ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ്കുമാര്‍ നവംബര്‍ 24 വ്യാഴാഴ്ച പുതിയ ബീഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. വ്യാഴാഴ്ച ഗാന്ധി മൈതാനില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഉപമുഖ്യമന്ത്രിയാരായിരിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ബുധനാഴ്ച വൈകീട്ട് ആറ് മണിക്കു നടക്കുന്ന ജനതാദള്‍ യുനൈറ്റഡിന്റെയും ബിജെപിയുടെയും സംയുക്ത യോഗത്തില്‍ സഖ്യത്തിന്റെ നേതാവിനെ ഔപചാരികമായി തിരഞ്ഞെടുക്കും. ഇരുപാര്‍ട്ടികളുടെയും നിയമസഭാകക്ഷി യോഗങ്ങള്‍ക്കു ശേഷമായിരിക്കും സംയുക്ത യോഗം നടക്കുന്നത്.
ബീഹാറില്‍ ലാലു-റാബ്റി യുഗത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് ജനതാദള്‍ യുനൈറ്റഡ്-ബിജെപി സഖ്യം അധികാരത്തിലെത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ വേണ്ട നിയമസഭയില്‍ സഖ്യത്തിന് 144 സീറ്റുകളാണുള്ളത്.
ഉപമുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. ഷാനവാസ് ഹുസൈനെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. ബിജെപി നേതാക്കളായ സുശീല്‍കുമാര്‍ മോഡി, അശ്വിനി ചൗബെ, നന്ദ്കിഷോര്‍ എന്നിവരും ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പരിഗണിക്കപ്പെടുന്നവരാണ്.
ബീഹാറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച ഉമാഭാരതിയുടെ പിന്തുണ ഷാനവാസ് ഹുസൈനുണ്ട്. മുസ്ലിം മുഖ്യമന്ത്രി വേണമെന്ന രാംവിലാസ് പാസ്വാന്റെ ആവശ്യത്തിന് മറുപടിയായാണ് ഹുസൈനെ ഉമാഭാരതി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നത്.












Click it and Unblock the Notifications