ബസ് സമരം: ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവംബര്‍ 22 ചൊവ്വാഴ്ച ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
സമരവുമായി മുന്നോട്ടുപോകുമെന്ന് ബസുടമകളുടെ സംഘടനാനേതാക്കള്‍ അറിയിച്ചു. അതേ സമയം നിരക്ക് വര്‍ദ്ധന സംബന്ധിച്ചുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ശുപാര്‍ശ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും.
നിരക്ക് വര്‍ദ്ധനവെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉടനെ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൊവ്വാഴ്ച വരെ നിലവിലുണ്ടായിരുന്നതിനാല്‍ നിരക്ക് വര്‍ദ്ധന സംബന്ധിച്ച് തല്‍ക്കാലം തീരുമാനമെടുക്കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി ബസുടമകളെ അറിയിച്ചു. എടുത്തുചാടി സമരത്തിനിറങ്ങിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് ഗതാഗത മന്ത്രി എന്‍.ശക്തന്‍ ബസുടമകളോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യം ബസുടമകള്‍ നിരാകരിക്കുകയായിരുന്നു.
അതേസമയം ബുധനാഴ്ച മുതല്‍ സമരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ച ബസ് ഓണേഴ്സ് ഫെഡറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഒരാഴ്ചത്തെ സമയം ചോദിച്ചിരിക്കുന്നതിനാല്‍ സമരത്തില്‍ നിന്നും പിന്‍മാറി ബുധനാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ബസ് ഓണേഴ്സ് ഫെഡറേഷന്‍ ഖാലിദ് മുണ്ടപ്പള്ളി അറിയിച്ചു.
യാത്രാക്കൂലി കിലോമീറ്ററിന് 42 പൈസയില്‍ നിന്ന് 52 പൈസയാക്കി ഉയര്‍ത്തുക. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന് മാനദണ്ഡം നിശ്ചയിക്കുക, പെര്‍മിറ്റ് അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള സ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുളളത്.












Click it and Unblock the Notifications