മലയാളി യുവാവിനെ ഇറാഖില്‍ കാണാതായി
കോട്ടയം: ഇറാഖിലെ യുഎസ് സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ കുറിച്ച് കഴിഞ്ഞ നാലു മാസമായി യാതൊരു വിവരവുമില്ല.
കോട്ടയം ജില്ലയിലെ കടത്തുരുത്തിക്കു സമീപമുള്ള അപ്പന്‍ചിറ സ്വദേശിയായ സിജോ (26) കഴിഞ്ഞ ആഗസ്ത് മുതല്‍ അച്ഛനമ്മമാര്‍ക്ക് കത്തെഴുതുകയോ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയോ ചെയ്തിട്ടില്ല.
സിജോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇറാക്കി അധികൃതര്‍ സിജോയെ അറസ്റ് ചെയ്തുവെന്നാണ് അയാളുടെ ഒരു സഹപ്രവര്‍ത്തകന്‍ വീട്ടുകാരോട് പറഞ്ഞത്. നിരോധിക്കപ്പെട്ട മൊസുല്‍ വിമാനത്താവളത്തിന്റെ ഫോട്ടോകള്‍ എടുത്തതിനാണത്രെ സിജോയെ അറസ്റ് ചെയ്തത്.
സിജോയടക്കം നാല് പേരെ അറസ്റ് ചെയ്തുവെന്നാണ് സിജോയുടെ സഹപ്രവര്‍ത്തകന്‍ സന്തോഷ് പറഞ്ഞത്. ഇവരില്‍ മൂന്ന് പേരെ വിട്ടയച്ചുവത്രെ.
അഫ്ഗാനിസ്ഥാനില്‍ ആലപ്പുഴ സ്വദേശി മണിയപ്പനെ താലിബാന്‍ കൊലപ്പെടുത്തിയ സംഭവം കൂടി അറിഞ്ഞതോടെ സിജോയുടെ അച്ഛനമ്മമാര്‍ ആകെ പരിഭ്രാന്തിയിലാണ്. മന്ത്രി കെ.എം.മാണിയും സ്റീഫന്‍ ജോര്‍ജ് എംഎല്‍എയും ശനിയാഴ്ച ഇവരെ സന്ദര്‍ശിച്ചിരുന്നു.
സിജോയെ വിട്ടുകിട്ടാന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിജോയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിനും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രിയായിരുന്ന നട്വര്‍സിംഗിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുസംബന്ധിച്ച് ഫാക്സ് സന്ദേശം അയച്ചിരുന്നു.
ഹോട്ടല്‍ മാനേജ്മെന്റില്‍ ഡിപ്ലോമയുള്ള സിജോ താരിഖ് അല്‍ഫാനിം എന്ന കാറ്ററിംഗ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.












Click it and Unblock the Notifications